കൊച്ചി: ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കൂടിയ വിലയ്ക്ക് മറിച്ചുവിറ്റ് കോടികൾ ലാഭം കൊയ്യുന്ന ഇടപാടിന് പിന്നിൽ പ്രവർത്തിക്കുന്നത് വൻ റാക്കറ്റ്.
ആഡംബര വാഹനങ്ങളോട് കമ്പമുള്ള സിനിമാതാരങ്ങളടക്കം സമ്പന്നർക്കും വ്യവസായികൾക്കുമാണ് ഇവ മറിച്ചുവിൽക്കുന്നത്. തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇത്തരം വാഹനങ്ങൾ വാങ്ങി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടന്മാരായ ദുൽക്കർ സൽമാന്റെ കൊച്ചി പനമ്പിള്ളിനഗറിലെ വീട്, പൃഥ്വിരാജിന്റെ തേവരയിലെ വീട്, അമിത് ചക്കാലക്കലിന്റെ വീട് എന്നിവിടങ്ങളിൽ കസ്റ്റംസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധന നടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ) ഇത് അന്വേഷിക്കുന്നുണ്ട്.
ടൊയോട്ട ലാന്റ് ക്രൂസർ, ലാന്റ് റോവർ, ടാറ്റ എസ്.യു.വികൾ എന്നിവയടക്കം 150 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലെ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപറേഷൻ നുംഖോർ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തിയത്.
ഭൂട്ടാനിൽനിന്ന് കടത്തിയവയിൽ 20ലധികം വാഹനങ്ങൾ കേരളത്തിൽ എത്തിയതായി പറയുന്നു. ഭൂട്ടാൻ സൈന്യം ലേലം ചെയ്യുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇറക്കുമതി തീരുവ അടക്കാതെ കടത്തിക്കൊണ്ടുവന്ന് ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ശേഷം നാലിരട്ടി വിലയ്ക്കാണ് വിറ്റിരുന്നത്. ഭൂട്ടാനിൽനിന്ന് വാഹനങ്ങൾ വാങ്ങാനും ഹിമാചലിൽ കൊണ്ടുവന്ന് രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചവയാണെന്ന് അറിയാതെയാണ് തങ്ങൾ വാഹനം വാങ്ങിയതെന്നാണ് നിലവിലെ ഉടമസ്ഥർ നൽകിയ മൊഴി. ഭൂട്ടാൻ രജിസ്ട്രേഷനിൽ ഇവിടെ ഓടാൻ കഴിയാത്തതിനാലാണ് ഹിമാചലിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരു ലക്ഷത്തിന് വാങ്ങിയ കാർ പത്ത് ലക്ഷത്തിനും മൂന്ന് ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ 2357 വാഹനങ്ങൾ നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതായി 2019ൽ കണ്ടെത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ, അമല പോൾ എന്നിവരെല്ലാം ഈ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക വഴി സുരേഷ് ഗോപി 16 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കുറ്റപത്രം. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. വാഹനം കേരളത്തിലേക്ക് കൊണ്ടുവരാത്തതിനാൽ അമലയെ കേസിൽനിന്ന് ഒഴിവാക്കി. രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുകയും 19 ലക്ഷം രൂപ പിഴയടക്കുകയും ചെയ്ത ഫഹദിനെയും അന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.