കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചിരുന്നു. ഈ വാദം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇന്നലെ തള്ളിയിരുന്നു. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്കാനിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി. അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിൽ പുക നിറഞ്ഞപാടെ അപായ അലാറം നിർത്താതെ മുഴങ്ങി. ഏഴുനിലകെട്ടിടത്തിൽ അഞ്ഞുറിലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. ആളുകളെ പരസ്പരം കാണാനാവാത്ത തരത്തിൽ പുക നിറഞ്ഞ താഴെ നിലയിൽ നിരവധി രോഗികളുണ്ടായിരുന്നു. സ്ട്രച്ചറിലും വീൽചെയറിലുമായി ഇവരെ ആദ്യം പുറത്തെത്തിച്ചു. പിന്നാലെ രണ്ട്, മൂന്ന്, നാല് നിലകളിലുള്ളവരെയും പൊലീസും ആശുപത്രി അധികൃതരും ചേർന്ന് ഒഴിപ്പിച്ചു. പുക ശ്വസിച്ചല്ല മരണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ജി. സജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വയനാട് സ്വദേശിയുടെ മരണം. ആരോഗ്യം മോശമായ സാഹചര്യത്തിലുള്ളവരാണ് ചികിത്സയിലുണ്ടായിരുന്നത്.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുക ഉയർന്നതോടെ രോഗികളെ മുഴുവൻ മാറ്റിയെന്നും മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ നിയന്ത്രണ വിധേയമാക്കിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു.
ഷോർട് സർക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കിയത്. ഈ പരിശോധന അടക്കം ഇന്ന് നടക്കും. അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.