തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
തീപിടിത്തത്തെത്തുടർന്ന് ഐ.സി.യുവിൽ നിന്ന് മാറ്റിയതിന് ശേഷമാണ് സനീഷിന്റെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തീപിടിത്തം നടന്ന മാർച്ച് 17-ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് തൊട്ടടുത്ത ദിവസം രാവിലെയും അന്തരിച്ചു. തീപിടിത്തത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയും ഐ.സി.യു മാറ്റവുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ വാദം.
എന്നാൽ ഈ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരണപ്പെട്ടതെന്നും തീപിടിത്തവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വിശദീകരിച്ചു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഐ.സി.യുവിൽ ഉണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റ് വാർഡുകളിലേക്ക് മാറ്റിയിരുന്നുവെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
