കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ അപകടത്തെത്തുടർന്ന് ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, പൊലീസ് കമീഷണർ ടി. നാരായണൻ, മേയർ ഡോ. ബീന ഫിലിപ് എന്നിവർ സ്ഥലത്തെത്തി. രോഗികളുമായും മെഡിക്കൽ കോളജ് അധികൃതരുമായും ഇവർ സംസാരിച്ചു. വിവിധ വകുപ്പുകൾ വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടർ പറഞ്ഞു. അപകടം നടന്ന സ്ഥലം പൊലീസ് കൂടുതൽ പരിശോധനക്കായി പൂട്ടി.
എന്താണ് കൃത്യമായി സംഭവിച്ചതെന്ന് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും പറയാന്‍ സാധിക്കുന്നില്ലെന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി.
പുക പടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തിനു ശേഷമുണ്ടായ മരണങ്ങള് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവ ശേഷം നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു എന്നാണ് ആരോപണം ഉയരുന്നത്. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്നു മരണവും പുകപടരുന്നതിന് മുമ്പ് ഉണ്ടായതാണെന്നാണ് മെഡിക്കൽ കോളജ് അധികൃതര്‍ പറയുന്നത്. പുക ശ്വസിച്ചാണ് മരണമെന്ന് ആരോപണവുമായി ടി. സിദ്ധീഖ് എം.എല്‍.എ രംഗത്തുവന്നിട്ടുണ്ട്.