കാലിഫോര്ണിയ: വിൻഡോസിനും മാകിനും ലഭ്യമായ മെസഞ്ചർ ഡെസ്ക്ടോപ് ആപ്പ് ഡിസംബർ 15 മുതൽ പൂർണമായും നിർത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. ഡിസംബർ മധ്യത്തിനു ശേഷം ഉപയോക്താക്കൾക്ക് ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. പകരം സന്ദേശങ്ങൾ ഫേസ്ബുക്കിന്റെ വെബ്സൈറ്റ് മുഖേന മാത്രം ലഭിക്കുന്ന വിധത്തിൽ റീഡയറക്ട് ചെയ്യും. വിൻഡോസിലും മാകിലുമുള്ള മെസഞ്ചറിന്റെ ഡെസ്ക്ടോപ്പ് ആപ്പുകൾ ഷട്ട്ഡൗൺ ചെയ്യും.
നിലവിൽ മെസഞ്ചർ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഷട്ട്ഡൗൺ പ്രക്രിയ ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കും. പിന്നീട് 60 ദിവസംകൂടി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഈ കാലയളവിനുശേഷം ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ മെറ്റ ശുപാർശ ചെയ്യും. ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാൻ മെറ്റ നടപടി സ്വീകരിക്കുന്നുണ്ട്. മെസഞ്ചറിൽ ഇതുവരെ സുരക്ഷിതമായ സ്റ്റോറേജ് ഓണാക്കിയിട്ടില്ലാത്ത ഉപയോക്താക്കൾ അതിനായി ഡെസ്ക്ടോപ് ആപ്പിൽ പിൻ സജ്ജീകരിക്കാം. വെബ് പതിപ്പിലേക്ക് മാറുന്നതിന് മുമ്പ് ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ മെസഞ്ചർ മാത്രമായി ഉപയോഗിക്കുന്നവർക്ക് ഡെസ്ക്ടോപ് ആപ്പ് ഷട്ട്ഡൗൺ ചെയ്തതിന് ശേഷം മെസഞ്ചർ ഡോട്ട് കോമിൽ ലോഗിൻ ചെയ്ത് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടരാം. ചാറ്റ് ചെയ്യുന്നത് തുടരാൻ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കേണ്ടതില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മെറ്റ നേറ്റീവ് മെസഞ്ചർ ആപ്പിന് പകരം പ്രോഗ്രസീവ് വെബ് ആപ്പ് സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ നീക്കം. വെബ്സൈറ്റിലേക്ക് തിരിച്ചുവിടും.