അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരുക്ക്. ഇതോടെ ഉറുഗ്വായ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ താരം കളിക്കില്ല. 25അംഗ ടീമില്‍ മെസിയുടെ പേരില്ലെന്നും പരുക്ക് സ്ഥിരീകരിച്ച് കോച്ച് ലയണല്‍ സ്കലോണി വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത ആശങ്കയിലാണ് ആരാധകര്‍. മെസിയെ പുറത്തിരുത്തി ടീം പ്രഖ്യാപിക്കാനുള്ളതിന്റെ കാരണം അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് വിശദീകരിക്കാത്തത് ഊഹാപോഹങ്ങളേറ്റുകയാണ്.
മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്ലാന്റയ്ക്കെതിരായ മല്‍സരത്തിനിടെയാണ് മെസിക്ക് ഇടത്തേ തുടയില്‍ പരുക്കേറ്റതെന്ന് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ഇന്റര്‍മയാമി 2–1ന് ജയിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നതിന് ശേഷം ടീമിനായി കളിക്കാനിറങ്ങിയ മെസി ഇന്റര്‍ മയാമിയുടെ ആദ്യഗോളും നേടിയിരുന്നു.
മല്‍സരത്തിനിടെ തുടയിലെ പേശികള്‍ക്ക് പരുക്കേറ്റെന്ന് തോന്നിയതിനെ തുടര്‍ന്ന് മെസിയെ എംആര്‍ഐ സ്കാനിന് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ തുടയിലെ പേശിക്ക് നിസാര പരുക്കുള്ളതായും കണ്ടെത്തിയെന്നും സൂക്ഷ്മനിരീക്ഷണം തുടരുകയാണെന്നും ഇന്റര്‍മയാമി പ്രസ്താവനയില്‍ അറിയിച്ചു. ‘അധികസമ്മര്‍ദം മെസിയിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ ടീം പരമാവധി ശ്രമിച്ചിരുന്നു’. അതുകൊണ്ടുതന്നെ സാരമായ പരുക്കോ, പരുക്കെന്ന് പറയാന്‍ മാത്രമുള്ളതോ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇന്റര്‍ മയാമി മാനേജര്‍ ഹവിയെ മാസ്റ്ററാനോ വ്യക്തമാക്കി. മെസിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ദേശീയ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ദേശീയ ടീം ഡോക്ടര്‍മാരാണ് ഇക്കാര്യത്തില്‍ സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യോഗ്യതാമല്‍സരങ്ങളില്‍ കളിക്കില്ലെന്നത് സംബന്ധിച്ച് മെസിയും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിട്ടുണ്ട്. ‘അര്‍ജന്റീനയ്ക്ക് വേണ്ടി യുറുഗ്വായ്ക്കും, ബ്രസീലിനുമെതിരായ യോഗ്യതാ മല്‍സരങ്ങള്‍ നഷ്ടമാകുമെന്നത് ലജ്ജിപ്പിക്കുന്നതാണ്. എല്ലായ്പ്പോഴുമെന്നതുപോലെ ഇപ്പോഴും കളിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹമെങ്കിലും അവസാന നിമിഷമേറ്റ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കാന്‍ നിര്‍ബന്ധിതനാകുകയാണ്. പക്ഷേ ടീമിനായി ആര്‍ത്തുവിളിക്കാന്‍ ആരാധകനായി ഞാനുണ്ടാകും’- എന്നായിരുന്നു മെസിയുടെ കുറിപ്പ്.
ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്കുള്ള പ്രൊവിഷനല്‍ ടീമില്‍ നേരത്തെ മെസിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. പിന്നീടാണ് നിര്‍ണായകമായ രണ്ട് യോഗ്യതാമല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കിയത്. 12 മല്‍സരങ്ങളില്‍ നിന്നായി 25 പോയിന്റുകളാണ് അര്‍ജന്റീനയ്ക്ക് നിലവിലുള്ളത്. വെള്ളിയാഴ്ച യുറുഗ്വായുമായാണ് ആദ്യ മല്‍സരം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുറുഗ്വായ്. ബ്യൂണസ് അയേഴ്സില്‍ വച്ച് അഞ്ചാം സ്ഥാനക്കാരായ ബ്രസീലിനെ പിന്നീട് വരുന്ന ചൊവ്വാഴ്ചയും നേരിടും. ഏഴ് തവണ ബലോന്‍ ദ് ഓര് ജേതാവായ മെസിക്ക് പുറമെ ഡിബാല, ഗോണ്‍സാലോ മൊണ്ടേല്, ജിയോവാനി എന്നിവരും യോഗ്യതാമല്സരങ്ങള്ക്കില്ലാത്തത് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാണ്.