പേരാമ്പ്ര: കായിക മേഖലക്ക് കുതിപ്പേകാൻ മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ 16ന് പകൽ 12.30ന് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിക്കും.
ജില്ലയിലെ വിപുലമായ ആദ്യത്തെ കായിക സമുച്ചയമാണ് മേപ്പയൂരിൽ പൂർത്തിയായത്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്. ഫ്ലഡ് ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ, സെന്ററിന്റെ മൂന്ന് നിലയിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവ സജ്ജമാക്കി.
സർക്കാർ ഏജൻസി കിറ്റ്കോയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തത്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണന്റെ ഇടപെടലിലാണ് മേപ്പയൂരിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ അനുവദിച്ചത്. 2019നവംബറിൽ മന്ത്രി ഇ പി ജയരാജൻ തറക്കല്ലിട്ട പദ്ധതി കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.