മേപ്പാടി പോളിടെക്നിക് കോളേജിൽ ലഹരി മാഫിയയെക്കുറിച്ച് നാര്‍ക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി

news image
Dec 7, 2022, 9:59 am GMT+0000 payyolionline.in

ബത്തേരി: മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയൊക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മേപ്പാടിയിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഇവർക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ക്യാംപസിനുള്ളിൽ പ്രവർത്തിക്കുന്ന ട്രാബിയൊക്ക് എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടവരാണ് ഇവർ. രണ്ട് വർഷം മുൻപാണ് ഓണാഘോഷങ്ങളുടെ ഭാഗമായി ട്രാബിയൊക്ക് എന്ന വാട്സപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾ രൂപീകരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ പെൺകുട്ടികളടക്കം നൂറിലേറെ പേരുണ്ട്. ഈ സംഘത്തിലുൾപ്പെട്ട പലരും പതിവായി രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി.

 

ഇവർക്ക് ലഹരിമരുന്ന് ചെറിയ പൊതികളാക്കി ക്യാംപസിനകത്ത് വിൽക്കുന്ന ഗ്യാങ്ങിനെ കുറിച്ച് വിവരം ലഭിച്ചു. കോളേജിന് ഹോസ്റ്റൽ ഇല്ലാത്തതിനാൽ സമീപത്തെ വീടുകൾ വാടകയ്ക്ക് എടുത്താണ് കുട്ടികൾ താമസിക്കുന്നത്. ഈ മുറികളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലഹരി ഉപയോഗിച്ചതിന്‍റെ തെളിവുകൾ ലഭിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രാബിയൊകിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കോളേജിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നാൽപ്പതോളം വിദ്യാർത്ഥികൾക്കെതിരെയാണ് മേപ്പാടി പോലീസ് കേസെടുത്തത്. മിക്കവരും ഒളിവിലാണ്. സംഭവത്തിൽ ലഹരി മാഫിയയുടെ പങ്കുണ്ടോയെന്ന് തുടർ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് ജില്ലാ പോലീസ് മേഥാവി ആർ. ആനന്ദ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe