കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ നടന്നത് നാടകീയ രംഗങ്ങൾ. അപകടം നടന്ന ആനൂർക്കാവിൽ ജനം പ്രതിക്കെതിരെ പ്രതിഷേധമുയർത്തി. ജീപ്പ് വളഞ്ഞു. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്നും ഇറക്കിയില്ല.
അപകട ശേഷം രക്ഷപ്പെട്ട അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാർ തടഞ്ഞുവച്ച നോർത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്.
ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെയും ഞായറാഴ്ച വൈകിട്ട് 5 മണിവരെയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി കസ്റ്റഡിൽ നൽകിയത്. പ്രോസിക്യൂഷൻ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികൾ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപകടമുണ്ടായതിൻ്റെ തലേ ദിവസം ഇരുവരും കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.