പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാത യാഥാർഥ്യമായാൽ താമരശ്ശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നതടക്കം നേട്ടങ്ങൾ പലതാണ്. വയനാട്ടിലേക്കു ചുരമില്ലാത്ത റോഡ്, വാഹനങ്ങൾക്ക് ഇന്ധന ലാഭം, കുറഞ്ഞ അന്തരീക്ഷ മലിനീകരണം എന്നിവ ദൈനംദിന നേട്ടങ്ങളിൽ പെടുന്നു. ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ല. സർവേ പൂർത്തിയാക്കി, വിശദമായ പദ്ധതി റിപ്പോർട്ട് തയാറായാൽ മാത്രമേ നിർമാണച്ചെലവ് എത്രയാകുമെന്നു പറയാൻ കഴിയൂ. എങ്കിലും 10 മീറ്റർ മാത്രം വരുന്ന 2 ചെറിയ പാലങ്ങളേ ചക്കിട്ടപാറ പഞ്ചായത്തിന്റെ ഭാഗത്ത് ആവശ്യമായി വരൂ. കുറഞ്ഞ നിർമാണ ചെലവിൽ, ഇത്രയും ഫലപ്രദമായ മറ്റൊരു ബദൽപാത വയനാട്ടിലേക്കു സാധ്യമല്ലെന്നു പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാത സംബന്ധിച്ച വിവിധ കർമസമിതികളുടെ പ്രവർത്തകർ പറയുന്നു.
ഇതുവരെ മണ്ണിടിച്ചിലുണ്ടായിട്ടില്ലാത്ത ഭൂമിയിലൂടെ കടന്നുപോകുന്നുവെന്നതും മേഖലയിൽ മിക്കവാറും കരിങ്കല്ലാണെന്നതും പാതയുടെ അനുകൂല ഘടകങ്ങളാണ്. വനഭൂമിക്കു പകരം വനം വകുപ്പിന് ഇരട്ടി ഭൂമി ഇതിനകം കൈമാറിയതിനാൽ, ആ തടസ്സവുമില്ല. 4.6 കിലോമീറ്റർ ദൂരത്തിൽ തുരങ്കം നിർമിച്ചാൽ പാതയുടെ ആകെ നീളത്തിൽ 3 കിലോമീറ്റർ കുറയുകയും വനഭൂമിയെ ബാധിക്കാതിരിക്കുകയും ചെയ്യും.
കൂടുതൽ എളുപ്പം, പ്രായോഗികം
മേപ്പാടി–ആനക്കാംപൊയിൽ തുരങ്കപ്പാത നിർമാണം സ്വാഗതം ചെയ്യുമ്പോഴും അതു പൂർത്തിയാക്കാൻ കാലതാമസമെടുക്കുമെന്ന അഭിപ്രായമാണ് ജനകീയ കർമസമിതി നേതാക്കൾ പങ്കുവയ്ക്കുന്നത്. 2016ൽ നിർമാണം ആരംഭിച്ച 964 മീറ്റർ മാത്രമുള്ള കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ മാത്രമേ ഇപ്പോഴും പൂർത്തിയായിട്ടുള്ളൂ. 8.73 കിലോമീറ്ററാണു മേപ്പാടി–ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ നീളമെന്നതും പദ്ധതിയുടെ വലുപ്പവും കണക്കിലെടുക്കുമ്പോൾ നിർമാണം പൂർത്തിയാക്കാൻ ഏറെ വർഷങ്ങളെടുത്തേക്കാമെന്ന് ജനകീയ കർമസമിതി പ്രവർത്തകനായ യു.സി. ഹുസൈൻ അഭിപ്രായപ്പെടുന്നു. പരമാവധി വേഗത്തിലും എളുപ്പത്തിലും നിർമിക്കാവുന്ന പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയ്ക്കു മുൻഗണന നൽകണമെന്ന ആവശ്യമാണുയരുന്നത്.
ബേപ്പൂർ–ബംഗളൂരു ചരക്കുനീക്കത്തിന് ഈ പാത ഏറെ പ്രയോജനം ചെയ്യും. കിനാലൂരിൽ എയിംസ് വന്നാൽ വയനാട്ടുകാർക്ക് ഈ റോഡിലൂടെ എളുപ്പത്തിൽ വിദഗ്ധ
ചികിത്സ നേടാനുമാകും. ഭൂപ്രകൃതി അനുകൂലമായതിനാൽ റോഡ് നിർമാണത്തിന് വലിയ പാർശ്വഭിത്തികളോ മൺപണിയോ ആവശ്യമില്ല. വയനാട് ഭാഗത്ത് 4 ചെറിയ പാലങ്ങൾ മാത്രം നിർമിച്ചാൽ മതിയാകും. വനംവകുപ്പിന്റെ അനുമതി കിട്ടിയാൽ കുറഞ്ഞ സമയം കൊണ്ടു പൂർത്തിയാക്കാനാകുന്ന റോഡാണിത്. പദ്ധതി പ്രദേശത്തു ചരിവു കുറഞ്ഞ ഭൂപ്രകൃതിയായതിനാൽ ഉരുൾപൊട്ടൽ സാധ്യതയും കുറവ്.
2 ജില്ലകൾക്കുംപ്രയോജനങ്ങളേറെ
- കോഴിക്കോടിനെയും വയനാട്ടിനെയും മാത്രമല്ല. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവർക്കു വയനാട്ടിലേക്കും മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്കും എത്താനുള്ള എളുപ്പവഴിയാണിത്. വയനാട്ടുകാർക്കാകട്ടെ, കോഴിക്കോട് വിമാനത്താവളത്തിലേക്കും വടകര വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും എളുപ്പത്തിലെത്താം.
- 2 ജില്ലകളിലെയും മലയോര കർഷകർക്ക് പ്രയോജനം.
- ഈ മേഖലയിൽ കൂടുതൽ പേർ കൃഷിയിലേക്കു തിരിച്ചെത്താൻ പ്രേരണയാകും.
- വയൽ നികത്തുകയോ വലിയ തോതിൽ മണ്ണിടിക്കുകയോ വേണ്ടി വരില്ല.
- മാനന്തവാടി വഴി എളുപ്പത്തിൽ അതിർത്തി കടക്കാമെന്നതിനാൽ ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനപ്രശ്നത്തിന് വലിയൊരളവുവരെ പരിഹാരം
സുരക്ഷിതപാത, ജനവാസമേഖലകളെബാധിക്കാതെ നിർമാണം
- ബാണാസുരസാഗർ ഡാം, പെരുവണ്ണാമൂഴി ഡാം, ജാനകിക്കാട് എക്കോ ടൂറിസം, നിർദിഷ്ട ടൈഗർ സഫാരി പാർക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ടൂറിസം കോറിഡോർ.
- വലിയ കയറ്റിറക്കങ്ങൾ ഇല്ലാത്ത സുരക്ഷിത പാത.
താമരശ്ശേരി ചുരം പാതയ്ക്ക് ഏറ്റവും പ്രായോഗികമായ സമാന്തര പാത,
ജനവാസമേഖലകളെ ബാധിക്കുന്നില്ല
- കോഴിക്കോടു നിന്നു കൽപറ്റയിലേക്കു യാത്രാദൂരം 16 കിലോമീറ്റർ കുറയും.
- ഭൂമി ഏറ്റെടുക്കേണ്ടതില്ല. 12 മീറ്റർ വീതിയുള്ള പാതയ്ക്ക് ആവശ്യത്തിലുമധികം ഭൂമി ഇതിനകം മരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            