മൊബൈൽ എപ്പോൾ ചാർജ് ചെയ്യണം ? ബാറ്ററിയുടെ ആയുസ്സ് കൂട്ടാൻ ചില എളുപ്പവഴികൾ ഇതാ

news image
Dec 30, 2025, 1:49 pm GMT+0000 payyolionline.in

സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മൾ ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ക്യാമറയ്ക്കും പെർഫോമൻസിനും ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ പ്രാധാന്യം ഫോൺ വാങ്ങിക്കഴിഞ്ഞാൽ ബാറ്ററിയുടെ ആരോഗ്യത്തിനും നൽകേണ്ടതുണ്ട്. കാരണം സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററിയാണ്. പക്ഷെ പലപ്പോഴും നമ്മുടെ അശാസ്ത്രീയമായ ചാർജിങ് രീതികൾ ബാറ്ററിയുടെ അകാല ചരമത്തിലേക്കും ഫോണിന്റെ തകരാറുകൾക്കും കാരണമാകുന്നു.

ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

എപ്പോൾ ചാർജ് ചെയ്യണം?

ബാറ്ററി ചാർജ് തീരെ കുറയുന്നത് വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴെ എത്തുമ്പോൾ തന്നെ ചാർജിംഗിന് ഇടുന്നതാണ് ഉചിതം. അതുപോലെ ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കി, ഒരു 90 ശതമാനം വരെ ചാർജ് കയറുന്നത് വരെ ഫോൺ ചാർജിംഗിൽ തുടരുന്നതാണ് നല്ലത്. ചാർജ് 0 ശതമാനമായി ഫോൺ ഓഫ് ആകുന്നത് വരെ ഒരിക്കലും കാത്തിരിക്കരുത്. ഫോൺ 50 മുതൽ 60 ശതമാനം വരെ ചാർജിൽ സൂക്ഷിക്കാനാണ് ആപ്പിൾ ശുപാർശ ചെയ്യുന്നത്.

ഒറിജിനൽ ചാർജറുകൾ ഉപയോഗിക്കുക എല്ലായ്പ്പോഴും ഫോണിനൊപ്പം ലഭിച്ച ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വില കുറഞ്ഞ ലോക്കൽ ചാർജറുകളിൽ വോൾട്ടേജ് വ്യതിയാനങ്ങളിൽ നിന്നും അമിത ചാർജിംഗിൽ നിന്നും സംരക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകില്ല. ഇത് ബാറ്ററിയെയും ഫോണിനെയും അപകടത്തിലാക്കിയേക്കാം.

ചൂടാകുന്നത് ഒഴിവാക്കുക ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 0 ശതമാനത്തിൽ നിന്ന് ചാർജ് ചെയ്യുന്നത് ഫോൺ അമിതമായി ചൂടാകാൻ കാരണമായേക്കാം. ചാർജിംഗിനിടെ ഫോൺ അസാധാരണമായി ചൂടായാൽ സ്വിച്ച് ഓഫ് ചെയ്യുകയും ചൂട് മാറിയ ശേഷം മാത്രം ഓൺ ആക്കുകയും ചെയ്യുക. കൂടാതെ, ചാർജിംഗിനിടെ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം, ഇത് ഫോൺ കൂടുതൽ ചൂടാകാൻ കാരണമാകും.

മറ്റു ശ്രദ്ധേയമായ കാര്യങ്ങൾ

  • ദിവസത്തിൽ ഒരിക്കലെങ്കിലും ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് നല്ലതാണ്.
  • ഫോൺ അമിതമായി ചൂടാകാത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
  • നിങ്ങളുടെ ഫോൺ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കുക.

ബാറ്ററിയുടെ ആയുസ്സ് നിർണ്ണയിക്കുന്നത് ചാർജിംഗ് സൈക്കിളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് ഒരു സൈക്കിൾ. പകുതി ചാർജിൽ നിന്ന് ഫുൾ ചാർജ് ചെയ്യുമ്പോൾ അത് ഹാഫ് സൈക്കിൾ മാത്രമേ ആകുന്നുള്ളൂ. അതിനാൽ കൃത്യമായ ചാർജിംഗ് രീതികൾ പിന്തുടരുന്നത് ഫോണിന്റെ ദീർഘകാല പ്രവർത്തനത്തിന് അത്യാവശ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe