കോഴിക്കോട്: മൊബൈൽ ഫോൺ നഷ്ടമായവർ ഉടൻ www.ceir.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കൂ. ദിവസങ്ങൾക്കുള്ളിൽ പൊലീസ് ഫോൺ വീണ്ടെടുത്ത് നൽകും. ഫോൺ നഷ്ടമായവർ ചെയ്യേണ്ടതിതാണ്: ആദ്യം പൊലീസിൽ പരാതി നൽകുക. നഷ്ടമായ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക. www.ceir.gov.in പോർട്ടലിൽ ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്യുന്നതിന് അപേക്ഷ നൽകുക.
ഇതോടെ ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കും. (ഇത് റിക്വസ്റ്റ് സ്റ്റാറ്റസ് അറിയുന്നതിനും ഭാവിയിൽ ഐ.എം.ഇ.ഐ അൺബ്ലോക്ക് ചെയ്യുന്നതിനും ഉപയോഗിക്കാം). ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്യുന്നതോടെ നഷ്ടപ്പെട്ട ഫോണിൽ ഏത് സിം കാർഡ് ഇട്ടാലും ceir പോർട്ടലിൽ പൊലീസിന് വിവരം ലഭിക്കും. ഇതാണ് രീതി. (ഐ.എം.ഇ.ഐ നമ്പർ നഷ്ടമായാൽ മൊബൈൽ കമ്പനിയുടെ സഹായത്തോടെ ഇത് മനസ്സിലാക്കാം).
കഴിഞ്ഞ മാർച്ച് മുതൽ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം നിരവധി പേർക്കാണ് ഈ സംവിധാനത്തിലൂടെ ഫോൺ തിരിച്ചുകിട്ടിയത്. ഫോൺ മോഷ്ടിക്കപ്പെട്ടവരും നഷ്ടമായവരും അതിലുണ്ട്. നഗരത്തിൽ പരാതി നൽകിയ പത്തുപേരുടെ ഫോണാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുത്തത്. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ ഫോണുകൾ ഉടമകൾക്ക് കൈമാറി. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് എന്നിവർ പങ്കെടുത്തു.