കോഴിക്കോട്: സസ്പെൻഷനിലായിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പുനർനിയമനം. സസ്പെൻഷനിലായിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി. ഷൈജൻ, എസ്. ശങ്കർ, വി.എസ്. സജിത്ത് എന്നിവരെയാണ് നിലവിലുള്ള ഒഴിവുകളിൽ തിരിച്ചെടുത്തത്. ഇവർ മൂന്നുപേരും കോഴിക്കോട് ജില്ലക്കാരാണ്. ഒരു വർഷത്തിലധികമായി സസ്പെൻഷനിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നെങ്കിലും പുനർനിയമനം നൽകിയിരുന്നില്ല.
സാങ്കേതികവും നിയമപരവുമായി അടിസ്ഥാനമില്ലാതെ സസ്പെൻഡ് ചെയ്തുവെന്ന ആക്ഷേപത്തിനിടയാക്കിയ സസ്പെൻഷനാണ് പിൻവലിച്ചത്. സസ്പെൻഷനെതിരെ അസോസിയേഷനുകളും രംഗത്തുവന്നിരുന്നു. ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത പി. ഷൈജനെ കണ്ണൂർ ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്), എസ്. ശങ്കറിനെ പത്തനംതിട്ട ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്), വി.എസ്. സജിത്തിനെ പാലക്കാട് ആർ ടി.ഒ (എൻഫോഴ്സ്മെന്റ്) ലുമാണ് നിയമിക്കുന്നത്. മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ ഉണ്ടാകുന്നുവെന്ന് ആക്ഷേപിച്ചും മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടും അസോസിയേഷൻ ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു.