ചെന്നൈ: തമിഴിനെതിരെ ഹിന്ദി അടിച്ചേൽപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ ദിവസം തമിഴ് സംസാരിക്കാനറിയാത്തതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ മോദി തമിഴിലെ വാക്കുകളെ ഹിന്ദിയിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ്. മോദിയുടെ കണ്ണുകൾക്ക് പോലും അദ്ദേഹത്തിന്റെ കണ്ണുനീരിനെ വിശ്വാസമില്ലെന്നും പ്രധാനമന്ത്രിയുടേത് കാപട്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലേക്ക് മുൻപ് നടത്തിയ സന്ദർശനങ്ങളിൽ ആദ്യം ഇംഗ്ലീഷിൽ സംസാരിച്ചിരുന്ന മോദി ഇപ്പോൾ ഹിന്ദിയിലേക്ക് മാറിയതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെ വൈകുന്നേരം തമിഴ് സംസാരിക്കാൻ അറിയാത്തതിൽ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വാർത്തകളിൽ തമിഴ് ഭാഷയിലെ മനോഹരമായ വാനൊലി എന്ന പദത്തെ ഹിന്ദിയിലെ ആകാശവാണി എന്ന പദമാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. മോദിയുടെ കണ്ണുകൾക്ക് പോലും അദ്ദേഹത്തിന്റെ കണ്ണുനീരിനെ വിശ്വാസമില്ല. ഒരു കണ്ണിനെ കുത്തി വേദനിപ്പിച്ച് മറുകണ്ണിലൂടെ കണ്ണുനീർ വരുത്തുന്നത് എന്തുതരം തമിഴ്സ്നേഹമാണ്, സ്റ്റാലിൻ എക്സിൽ കുറിച്ചു.
എല്ലാത്തിലും ഹിന്ദി എന്നതും എല്ലായിടത്തും ഹിന്ദിയെന്നതുമാണ് ഇന്നത്തെ സർക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ നിന്നുള്ള വിമാനങ്ങളിൽ തമിഴ് ഭാഷയിൽ അറിയിപ്പുകൾ നൽകുമെന്ന് പറഞ്ഞിരുന്നു. അതും കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ല. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.