റാഞ്ചി: മോദിസമുദായത്തെ അപമാനിച്ചെന്നുള്ള പരാതിയിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാവേണ്ടെന്ന് ഝാർഖണ്ഡ് ഹൈകോടതി. റാഞ്ചിയിലെ കോടതിയിലുള്ള കേസിൽ രാഹുലിന്‍റെ അഭിഭാഷകൻ ഹാജരായാൽ മതിയെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദി വ്യക്തമാക്കി.
അതേസമയം, രാഹുലിന്‍റെ അസാന്നിധ്യത്തിൽ വിസ്തരിക്കപ്പെടുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കില്ലെന്ന് കോടതി പറഞ്ഞു. ‘കള്ളൻമാർക്കെല്ലാം എന്തുകൊണ്ടാണ് മോദിയെന്ന് പേര്’ എന്ന രാഹുലിന്‍റെ പ്രസംഗമാണ് കേസിനാസ്പദമായത്. അഡ്വ. പ്രദീപ് മോദിയാണ് പരാതിക്കാരൻ. കേസിൽ നേരിട്ട് ഹാജരാകാൻ ജില്ല കോടതി രാഹുലിന് സമൻസ് അയച്ചിരുന്നു. തുടർന്നാണ് രാഹുൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശത്തിൽ ഗുജറാത്തിലും രാഹുലിനെതിരെ കേസുണ്ട്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്. പൂർണേശിന്‍റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെയാണ് രാഹുലിന്‍റെ എം.പി സ്ഥാനത്തിനുള്ള അയോഗ്യത നീങ്ങിയത്.