ലഖ്നോ: രാഷ്ട്രീയഭാവി സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യോഗിയുടെ പ്രതികരണം.
ഭാവി പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയം തന്റെ ഫുൾ ടൈം ജോബല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ഞാൻ യു.പി മുഖ്യമന്ത്രിയാണ്.യു.പിയിലെ ജനങ്ങളെ സേവിക്കാനുള്ള ചുമതലയാണ് പാർട്ടി നൽകിയിരിക്കുന്നത്.രാഷ്ട്രീയത്തെ പൂർണസമയ ജോലിയായി താൻ കണ്ടിട്ടില്ല. താൻ ഒരു സന്യാസിയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വിടപറയാനാണ് മോദി പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിക്കൽ അപേക്ഷ സമർപ്പിക്കാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത്. മോദിയുടെ കാലം അവസാനിച്ചു. ഇനി ആർ.എസ്.എസിന് പുതിയ നേതൃത്വം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും റാവത്ത് പറഞ്ഞിരുന്നു.
അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മോദിയും ഇനിയും വർഷങ്ങൾ രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2029ലും മോദി തന്നെ രാജ്യത്തെ പ്രധാനമന്ത്രിയാകും.