ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അപകടകരമായ ‘മോന്ത’ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് തായ്‍ലൻഡ് ആണ് ‘മോന്ത’ (MON-THA) എന്ന പേര് നിർദേശിച്ചത്. തായ് ഭാഷയിൽ ‘സുഗന്ധമുള്ള പുഷ്പം’ എന്നാണ് ‘മോന്ത’ എന്നതിന്റെ അർഥം. 2025ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റായിരിക്കും ഇത്.
നിലവിൽ ആന്ധ്രയുടെ തീരത്തേക്ക് അതിവേഗം നീങ്ങുന്നതായാണ് റിപ്പോർട്ട്. ഇത് വളരെ ശക്തമാണെന്നും വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കടുത്ത ജാഗ്രതയിലാണ് ചുഴലിക്കാറ്റ് കടന്നുപോവുന്ന സംസ്ഥാനങ്ങൾ.
നിലവിലെ പ്രവചനങ്ങൾ അനുസരിച്ച്, ഒക്ടോബർ 28ന് അർധരാത്രിയോ 29ന് പുലർച്ചെയോ ‘മോന്ത’ ആന്ധ്രാതീരം കടന്നേക്കും. അതിനാൽ ഒക്ടോബർ 26മുതൽ 29വരെയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു. വ്യാപകമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വിശാഖപട്ടണം മുതൽ തിരുപ്പതി വരെ ചുഴലിക്കാറ്റിന്റെ ആഘാതം വ്യാപിക്കുമെന്നും നിരവധി ജില്ലകളിൽ കഠിനമായ കാലാവസ്ഥക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നു. ഹൈദരാബാദ് ഉൾപ്പെടെയുള്ള തെലങ്കാനയിലും ഈ ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
നിലവിൽ ഇതൊരു ന്യൂനമർദമാണ്. എന്നാൽ, ഒക്ടോബർ 27ഓടെ തീവ്ര കൊടുങ്കാറ്റായി ശക്തി പ്രാപിക്കും. തീരത്തോട് അടുക്കുമ്പോൾ മണിക്കൂറിൽ 70 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കും. ഒക്ടോബർ 28ന് അവസാനമോ ഒക്ടോബർ 29 ആദ്യമോ ആന്ധ്രാപ്രദേശിനോ വടക്കൻ തമിഴ്‌നാടിനോ സമീപം ചുഴലിക്കാറ്റ് കര കടക്കുമെന്ന് കരുതുന്നു.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാറുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊതുജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
