കൊച്ചി: വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടന് മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ചെകുത്താൻ എന്ന അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും. മോഹൻ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ചെകുത്താൻ എന്ന അജു അലക്സ് പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്.
അറസ്റ്റിലായിട്ടും തിരുത്താൻ ഒരുക്കമല്ലെന്നാണ് ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന്റെ പ്രതികരണം. സൈന്യത്തിന്റെ വിലപ്പെട്ട സമയം താരം നഷ്ടപ്പെടുത്തിയെന്നാണ് യൂട്യൂബർ ആരോപിക്കുന്നത്. നവമാധ്യമങ്ങളിലൂടെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മോഹൻലാലിനെതിരെ ടെറിട്ടോറിയൽ ആർമിക്ക് പരാതി നൽകുമെന്നും തിരുവല്ല സ്വദേശിയായ യൂട്യൂബർ അജു അലക്സ് പറഞ്ഞു. താരസംഘടനയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അജുവിന്റെ പ്രതികരണം. അതേസമയം, ചെകുത്താനെതിരെ കൂടുതൽ നിയമനടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.
ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായ നടൻ മോഹൻലാലിനെ അപമാനിച്ചതിൽ നടപടി ആവശ്യപ്പെട്ട് അമ്മ ജന. സെക്രട്ടറി നടൻ സിദ്ദിഖ് പൊലീസിൽ നൽകിയ പരാതിയിലാണ് അജു അലക്സിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അജുവിനെ അറസ്റ്റ് ചെയ്ത തിരുവല്ല പൊലീസ്, ഇന്നലെ കൊച്ചി ഇടപള്ളിയിലെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കമ്പ്യൂട്ടറും മൊബൈൽ ഫോണുമടക്കം എല്ലാം പിടിച്ചെടുത്തിരുന്നു. അജുവിനെതിരായ നിയമനടപടിയിൽ മോഹൻലാൽ തന്നെ നേരിട്ട് ഇടപെട്ടെന്ന് സിഐ വെളിപ്പെടുത്തി. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന യൂട്യൂബർമാർക്കെതിരെ ശക്തമായ നിയമനടപടിക്ക് ഉന്നതതതല നിർദേശം ലഭിച്ചതായും പൊലീസ് പറയുന്നു.