മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയ്യാറായതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പത്തനാപുരത്തുകാരെ എനിക്ക് നല്ലവിശ്വാസമാണ്. അവര്‍ക്ക് ഞാനില്ലാതെയും ഞാന്‍ ഇല്ലാതെ അവര്‍ക്കും പറ്റില്ല. കെഎസ്ആര്‍ടിസിയെ നല്ല രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു പത്തനാപുരത്തുകാരനും അഭിമാനമുണ്ട്. അവരുടെ എംഎല്‍എയാണ്. അവരുടെ മന്ത്രിയാണ് കെഎസ്ആര്‍ടിസിയെ നന്മയിലേക്ക് നയിക്കുന്നത്’- ഗണേഷ് കുമാര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി. 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആര്‍ടിസി നേടിയ വരുമാനം. കെഎസ്ആര്‍ടിസി കൈവരിച്ച ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ‘13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആര്‍ടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
