മോൻസൻ കേസ്: മുൻ ഡിഐജിയുടെ ഭാര്യ ബിന്ദുലേഖ അറസ്റ്റിൽ

news image
Sep 9, 2023, 5:41 am GMT+0000 payyolionline.in

കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ നാലാംപ്രതി മുൻ ഡിഐജി എസ്‌. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. കേസിൽ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിന്ദുലേഖയെ വിട്ടയച്ചു.മോൻസനുമായി സാമ്പത്തിക ഇടപാടുകൾ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോൻസനു പണം നൽകാൻ ശുപാർശ ചെയ്തിട്ടില്ലെന്നുമാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴികൾ.

 

മകളുടെ മുടികൊഴിച്ചിൽ മാറ്റാനുള്ള ഒറ്റമൂലി ചികിത്സയ്ക്കു വേണ്ടിയാണു മോൻസന്റെ വീട്ടിൽ പോയിട്ടുള്ളത്. മോൻസന്റെ മകൾക്കൊപ്പം വസ്ത്രങ്ങൾ വാങ്ങാൻ പോയിട്ടുണ്ട്. അപ്പോൾ ബിൽ തുക കടയിൽ കൊടുത്തതു ബിന്ദുലേഖയാണെന്നും മൊഴി നൽകി. ഈ തുകയാണു പിന്നീടു മോൻസന്റെ അക്കൗണ്ടിൽ നിന്നു ബിന്ദുലേഖയുടെ അക്കൗണ്ടിലേക്കു വന്നതെന്നാണു സുരേന്ദ്രനും മൊഴി നൽകിയത്.

എന്നാൽ, സുരേന്ദ്രനും ബിന്ദുലേഖയ്ക്കും മോൻസന്റെ സാമ്പത്തികത്തട്ടിപ്പിൽ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വിശ്വാസവഞ്ചനയ്‌ക്കു കൂട്ടുനിന്നതിനും ഗൂഢാലോചനയ്‌ക്കുമാണു ബിന്ദുലേഖയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. ഡിഐജിയുടെ ഭാര്യയാണെന്നു പറഞ്ഞാണു ബിന്ദുലേഖയെ മറ്റുള്ളവർക്കു മോൻസൻ പരിചയപ്പെടുത്തിയിരുന്നതെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ഇതുകേട്ടു പലരും വിശ്വാസത്തോടെ പണം നിക്ഷേപിക്കാൻ തയാറായതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇതൊന്നും തങ്ങളുടെ അറിവോടെയായിരുന്നില്ലെന്നാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴി. മോൻസന് വ്യാജ പുരാവസ്തുക്കൾ എത്തിച്ചു നൽകിയിരുന്ന കിളിമാനൂർ സ്വദേശി സന്തോഷ് നോട്ടിസ് ലഭിച്ചിട്ടും ഇന്നലെ ചോദ്യംചെയ്യലിനു ഹാജരായില്ല. വീണ്ടും നോട്ടിസ് അയയ്ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe