മോൻസൻ മാവുങ്കൽ കേസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല, കേസ് നിയമപരമായി നേരിടുമെന്ന് കെ സുധാകരൻ

news image
Jun 13, 2023, 1:36 pm GMT+0000 payyolionline.in

കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേ‍ർത്തു.

കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുകയാണ്. മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികൾ കേന്ദ്ര സർക്കാരിൽ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം എണ്ണി നൽകിയവരുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെ സുധാകരനെ പിന്തുണച്ചാണ് പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ പ്രതികരിച്ചത്.

സാമ്പത്തിക ഇടപാടുകളിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ‍ഡയറി ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് മോൻസന്‍റെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, കെ സുധാകരനെതിരായ പരാതിയിൽ പരാതിക്കാരായ അനൂപ് മുഹമ്മദും ഷമീറും ഉറച്ച് നിൽക്കുകയാണ് മുൻ ഡിഐജി സുരന്ദ്രൻ്റെ ഭാര്യക്കും സിഐ അനന്തലാലിനും മോൺസണിൻ്റെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയതിൻറെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയതായും ഷമീർ പറഞ്ഞു. ക്രൈംബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയാണ്. മോൻസനുമായുളള പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe