കൊച്ചി : മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
കേസിൽ നാളെ വിയ്യൂർ ജയിലിൽ എത്തി മോൻസണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
പതിനേഴുകാരിയെ മോൻസൻ പീഡിപ്പിച്ചപ്പോൾ ആ വീട്ടിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരോപിച്ചിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം കെ സുധാകരൻ പൂർണമായും തള്ളി. മനസാ വാചാ തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നുമാണ് സുധാകരൻ തിരിച്ചടിച്ചത്. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസിൽ മോണ്‍സൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോൻസന് കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടിൽ വച്ച് മോൻസൻ പീഡിപ്പിക്കുന്നത്. തുടർ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടർന്നു. 2021 സെപ്റ്റംബറിൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നൽകുന്നത്.