കാലവര്‍ഷം നേരത്തെ ആരംഭിച്ചത് ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയെങ്കിലും, കനത്ത മഴ ഇപ്പോള്‍ കുടുംബ ബഡ്ജറ്റിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അടുക്കളയിലെ പ്രധാന വിഭവങ്ങള്‍ക്ക് കുത്തനെ വില വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 10 രൂപ വര്‍ധിച്ച് തക്കാളിക്ക് പിന്നാലെ ഈ ആഴ്ച ഉള്ളിക്കും മല്ലിയിലക്കും വില കൂടി. ഉള്ളിക്ക് ഒരാഴ്ച മുന്‍പ് രാജ്യത്ത് ശരാശരി 30 രൂപയായിരുന്നത് ഇപ്പോള്‍ 40 രൂപയായി ഉയര്‍ന്നു. കനത്ത മഴ ഗതാഗതത്തെയും മഹാരാഷ്ട്രയില്‍ നിന്നുള്ള വിതരണ ശൃംഖലയെയും തടസ്സപ്പെടുത്തിയതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ട്രക്കുകള്‍ വൈകുന്നതും അമിത ഈര്‍പ്പം കാരണം പല ചരക്കുകളും കേടാകുന്നതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. മല്ലിയിലയുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരു കെട്ടിന് 20 രൂപയായിരുന്നത് ഇപ്പോള്‍ 30 രൂപയായി ഉയര്‍ന്നു.

ഉള്ളി ഉത്പാദന മേഖലയായ മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലകളില്‍ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമരാവതി, ജല്‍ഗാവ്, ബുല്‍ധാന, അഹില്യാനഗര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആകെ 34,842 ഹെക്ടര്‍ സ്ഥലത്ത് വിളനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാസിക്കില്‍ മാത്രം 3,230 ഹെക്ടറിലധികം കൃഷിക്ക് നാശനഷ്ടമുണ്ടായി, സോലാപൂരില്‍ 1,252 ഹെക്ടറിലും പൂനെയില്‍ 676 ഹെക്ടറിലും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. വാഴ, മാമ്പഴം, ഉള്ളി, നാരങ്ങ, പച്ചക്കറി വിളകള്‍ എന്നിവയ്ക്ക് പ്രത്യേകിച്ചും കനത്ത നാശനഷ്ടമുണ്ടായി2025ലെ മണ്‍സൂണ്‍ സീസണില്‍ സാധാരണ നിലയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചനം പുതുക്കിയിട്ടുണ്ട്. നാല് മാസത്തെ മണ്‍സൂണ്‍ കാലയളവിലെ മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയുടെ 105% ആയിരിക്കുമെന്ന കഴിഞ്ഞ മാസത്തെ പ്രവചനം 106% ആയാണ് ഉയര്‍ത്തിയത്. പ്രത്യേകിച്ച് ജൂണില്‍ രാജ്യത്തുടനീളം ശരാശരി 108% മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി. പ്രതീക്ഷിക്കുന്നത്. ആദ്യ 3-4 ദിവസങ്ങള്‍ക്ക് ശേഷം മണ്‍സൂണിന്റെ വടക്കോട്ടുള്ള നീക്കത്തിലും മഴയുടെ അളവിലും താല്‍ക്കാലികമായൊരു ഇടവേളയുണ്ടായേക്കാമെന്ന് ഐ.എം.ഡി. അറിയിച്ചു

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                            