ന്യൂഡൽഹി: വ്യാഴാഴ്ച മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിസ്താര എയർലൈൻസിന്റെ യു.കെ 996 വിമാനം നാലുമണിക്കൂർ വൈകി. വിമാനത്തിലെ യാത്രക്കാരന്റെ പെരുമാറ്റമാണ് കാരണം.
ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഹൈജാക്ക് എന്ന് യാത്രക്കാരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതാണ് പ്രശ്നമായത്. ഇത്കേട്ടപ്പോൾ വിമാനം റാഞ്ചാൻ പോവുകയാണെന്ന് യാത്രക്കാരടക്കം ഭയന്നു. സംശയം തോന്നിയതിനെ തുടർന്ന് വിമാനത്തിൽ സുരക്ഷ പരിശോധന നടത്തി. എല്ലാ യാത്രക്കാരെയും പരിശോധിച്ചു. അവരുടെ ഹാൻഡ് ബാഗുകളടക്കം വീണ്ടും സ്കാൻ ചെയ്തു. വൈകീട്ട് 6.30നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
സുരക്ഷ പരിശോധന കാരണം 10.30നാണ് പുറപ്പെട്ടത്. താൻ മനോരോഗിയാണെന്ന് പിന്നീട് യാത്രക്കാരൻ അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റുള്ളവരുടെ സുരക്ഷക്ക് പ്രശ്നമുണ്ടാക്കിയതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിമാന കമ്പനി അറിയിച്ചു. യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.