യാത്രക്കാർക്ക് ആശ്വാസം! കർണാടകയിലെ ഇരുചക്ര വാഹന ടാക്സികൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി ഹൈക്കോടതി

news image
Jan 28, 2026, 9:31 am GMT+0000 payyolionline.in

ബെംഗളൂരു: കർണാടകയിൽ ഇരുചക്ര വാഹന ടാക്സികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. ഇരുചക്ര വാഹന ടാക്സികൾ നിയമപരമായ ഗതാഗത മാർഗ്ഗമാണെന്ന് വ്യക്തമാക്കിയ കോടതി, സർവീസ് നടത്തുന്നതിനായുള്ള പെർമിറ്റുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരോധനം പിൻവലിച്ചത്.

നിരോധനം നീക്കം ചെയ്ത കോടതി, ഇരുചക്ര വാഹനം ടാക്സി സർവീസ് നടത്തുന്നത് ഒരു നിയമാനുസൃതമായ തൊഴിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (ജി) പ്രകാരം പൗരന്മാർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്യാനുള്ള അവകാശം രാജ്യത്ത് ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ഈ തൊഴിൽ തുടരാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇരുചക്ര വാഹന ടാക്സി തൊഴിലാളികൾക്ക് ‘കോൺട്രാക്ട് കാര്യേജ്’ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന മഞ്ഞ നിറത്തിലുള്ള നമ്പർ പ്ലേറ്റുകളോടു കൂടിയ പെർമിറ്റുകൾ നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹന ടാക്സി തൊഴിൽ അപകടകരമോ നിയമവിരുദ്ധമോ അധാർമ്മികമോ ആണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2019മുതൽ ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ ബൈക്ക് ടാക്സി ലൈസൻസിനായി ശ്രമിച്ചിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് 2025 ഏപ്രിലിൽ സിംഗിൾ ബെഞ്ച് ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. സുരക്ഷ, ഗതാഗതക്കുരുക്ക് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിരോധനത്തെ ന്യായീകരിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.

ഈ സുപ്രധാന വിധിയിലൂടെ സംസ്ഥാനത്തെ ഏകദേശം 6 ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവർമാർക്ക് തങ്ങളുടെ തൊഴിൽ പുനരാരംഭിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇവരുടെ വരുമാന മാർഗ്ഗം നിലച്ചിരുന്നു. ‘നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് കുറഞ്ഞ ചിലവിലുള്ള മികച്ച പരിഹാരമാണ് ബൈക്ക് ടാക്സികൾ. കോടതി വിധി ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ജീവിതം സുരക്ഷിതമാക്കി’ എന്ന് വിധിയിൽ പ്രതികരിച്ച ഊബർ വക്താവ് പറഞ്ഞു. അതേസമയം, ഓട്ടോറിക്ഷാ യൂനിയനുകൾ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ബൈക്ക് ടാക്സികൾ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe