ദില്ലി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ ദർഭംഗയിലേക്കോ സീതാമർഹിയിലേക്കോ വ്യാപിപ്പിക്കും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസി ചെയർ കാറുകൾ അടങ്ങിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് സ്ലീപ്പർ ട്രെയിനുകളുമായി റെയിൽവേ രംഗത്തെത്തുന്നത്. സ്ലീപ്പർ കോച്ചുകൾ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് സുഖകരമായ ദീർഘദൂര യാത്രയാണ് റെയിൽവേ ഉറപ്പ് നൽകുന്നത്.
ദില്ലിക്കും പട്നയ്ക്കും ഇടയിൽ പ്രയാഗ്‌രാജ് വഴിയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. 11.5 മണിക്കൂറിൽ യാത്ര പൂർത്തിയാക്കും. നിലവിൽ, ഈ റൂട്ടിലുള്ള ട്രെയിനുകൾക്ക് 12 മുതൽ 17 മണിക്കൂർ വരെയും രാജധാനി എക്സ്പ്രസ്സിന് ഏകദേശം 23 മണിക്കൂർ വരെയും സമയം എടുക്കും. ഷെഡ്യൂൾ അനുസരിച്ച് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് രാത്രി 8 മണിക്ക് പട്നയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7:30 ന് ദില്ലിയിൽ എത്തും. മടക്കയാത്രയും സമാനമായ സമയത്ത് തന്നെയായിരിക്കും. ഇതേ റൂട്ടിലെ രാജധാനി എക്സ്പ്രസ് ടിക്കറ്റുകളേക്കാൾ 10–15% കൂടുതലായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ നിരക്കുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്രെയിനിന്റെ ചില പ്രധാന സവിശേഷതകൾ
- പരമാവധി വേഗത മണിക്കൂറിൽ 180 കി.മീ.
- യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ
- ഓട്ടോമാറ്റിക് സെൻസർ വാതിലുകൾ
- വിപുലമായ അഗ്നി സുരക്ഷാ സംവിധാനങ്ങൾ
- യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി വിമാന ശൈലിയിലുള്ള ഇന്റീരിയറുകൾ