കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രികർക്ക് ആശ്വാസമായി രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രതിദിന സർവീസുകളാക്കി മാറ്റി റെയിൽവേ. വടക്കൻ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളാണ് ഇനിമുതൽ ദിവസവും ഓടുക. കോഴിക്കോട് – പാലക്കാട് സ്പെഷ്യൽ ട്രെയിൻ , പാലക്കാട് – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ എന്നിവയുടെ സർവീസുകളാണ് പ്രതിദിനമാക്കി മാറ്റിയത്.
ട്രെയിൻ നമ്പർ 06071 കോഴിക്കോട് – പാലക്കാട് ജങ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് ഇന്ന് ( ജൂലൈ 10 ) എല്ലാദിവസവും സർവീസ് നടത്തും. രാവിലെ 10:10 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 01:05 നാണ് പാലക്കാട് ജങ്ഷനിലെത്തുക. പ്രതിദിന സ്പെഷ്യൽ ട്രെയിനായാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്. അതേസമയം സമയത്തിലോ സ്റ്റോപ്പിലോ മാറ്റം വരുത്തിയിട്ടില്ല.ട്രെയിൻ നമ്പർ 06031 പാലക്കാട് ജങ്ഷൻ – കണ്ണൂർ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസും ഇനി മുതൽ എല്ലാ ദിവസവും സർവീസ് നടത്തും. പാലക്കാട് ജങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 01:50 ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 07:40ന് കണ്ണൂരിൽ എത്തിച്ചേരും. നേരത്തെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തിയിരുന്ന ഈ ട്രെയിനും ഇന്നുമുതൽ പ്രതിദിന സ്പെഷ്യൽ എക്സ്പ്രസ് ആയി സർവീസ് നടത്തും.ജൂൺ 23 നായിരുന്ന ആഴ്ചയിൽ ആറ് ദിവസ സർവീസുമായി സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന ഈ ട്രെയിൻ സർവീസ് പ്രതിദിനമാക്കി മാറ്റുന്നതോടെ കൂടുതൽ പേർക്ക് ഉപയോഗപ്രദമാകും. ശനിയാഴ്ചകളിൽ ഷൊർണൂർവരെ എത്തി തിരികെപ്പോവുകയായിരുന്നു ഈ ട്രെയിൻ. ഇതാണ് എല്ലാ ദിവസവുമാക്കിയത്.