യാത്രാനുമതി നിഷേധിച്ചു; എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

news image
Mar 9, 2023, 3:16 pm GMT+0000 payyolionline.in

കോട്ടയം: യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ക​ഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്.​ കോട്ടയം ഉദയനാപുരം തെനാറ്റ്​ ആന്‍റണി നൽകിയ പരാതിയിലാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും ആർ. ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ ഉത്തരവ്.

2018 ആഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബർമിങ്​ഹാമിൽ നടക്കുന്ന മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ്​ ആഗസ്റ്റ് 25ന് കൊച്ചിയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിൽ ആന്‍റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്ന്​ യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്‍റ​ണി ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബർമിങ്​ഹാമിലേക്കുള്ള ടിക്കറ്റെടുത്തു. എന്നാൽ, ബ്രിട്ടനിലെ സ്ഥിരതാമസ പെർമിറ്റുള്ള ആന്‍റണി രണ്ടുവർഷത്തിൽ കൂടുതൽ ബ്രിട്ടന് പുറത്ത് താമസിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ എയർ ഇന്ത്യ യാത്ര വിലക്കിയത്​.

പിന്നീട് കൊച്ചിയിലേക്ക്​ മടങ്ങിയ ആന്‍റണി തൊട്ടടുത്ത ദിവസം കൊച്ചിയിൽനിന്നു ഖത്തർ എയർവേയ്സിൽ യാത്ര ചെയ്ത് ഖത്തർ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാർഗം ബർമിങ്​ഹാമിലും എത്തിയെന്നും അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞുവെന്നുമായിരുന്നു പരാതി.

എയർ ഇന്ത്യ നിരസിച്ച യാത്ര പെർമിറ്റ് ഉപയോഗിച്ചാണ് ആന്‍റണി കൊച്ചിയിൽനിന്നു ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് എന്ന് പരാതി പരിശോധിച്ച കോട്ടയം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിലയിരുത്തി. മതിയായ യാത്രാരേഖകളും സാധുവായ ടിക്കറ്റും ഉണ്ടായിരുന്ന ആന്‍റണിക്ക് അന്യായമായ കാരണങ്ങൾ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയർ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ സേവന ന്യൂനതയാണെന്ന് കമീഷൻ കണ്ടെത്തി.

മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിലുള്ള മാനസിക ബുദ്ധിമുട്ടിനും കഷ്ടപ്പാടുകൾക്കും ആന്‍റണിക്ക് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കമീഷൻ ഉത്തരവിടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe