നാലു കൊല്ലം മുമ്പ് തമിഴ്നാട്ടിൽ പിറവിയെടുത്ത ഒരു മെസേജിങ് ആപ്പിന് കഴിഞ്ഞ ദിവസങ്ങളിലായി പൊടുന്നനെയുണ്ടായ ജനപ്രിയതയിലും ഡൗൺലോഡിങ്ങിലും അമ്പരന്നു നിൽക്കുകയാണ് ഇന്ത്യൻ ടെക് ലോകം.
ചെന്നൈ ആസ്ഥാനമായ ടെക്നോളജി സ്റ്റാർട്ടപ്പ് സോഹോയുടെ കീഴിൽ 2021ൽ പുറത്തിറങ്ങിയ ‘അറൈട്ട’ (Arattai) ആപ്പാണ് മൂന്നു ദിവസം കൊണ്ട് 3,000 സൈൻഅപ്പിൽ നിന്ന് 3,50,000 ലേക്ക് കുതിച്ചത്. ഇതുകണ്ട്, ‘അറൈട്ട’ വാട്സ്ആപ്പിനെ മലർത്തിയടിക്കുമെന്നുപോലും പലരും പറഞ്ഞുതുടങ്ങിയിരിക്കുകയാണ്. വാട്സ്ആപ്പിന് ഇന്ത്യയിൽ മാത്രം 500 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
ആഗോള എതിരാളികളേക്കാൾ ഏറ്റവും മികച്ച സ്വകാര്യത നൽകുന്നതും സ്പൈവെയർ മുക്തവുമായ ആപ്പെന്ന അവകാശവാദത്തിനൊപ്പം സമൂഹമാധ്യമ ട്രെൻഡിങ്ങും കേന്ദ്ര സർക്കാറിന്റെ ശിപാർശയും വന്നതോടെയാണ് അറൈട്ട കയറി കൊളുത്തിയത്. സൊറ പറച്ചിൽ, കൊച്ചുവർത്തമാനം എന്നൊക്കെ അർഥം പറയാവുന്ന അറൈട്ട’ ആപ് സോഹോ കോർപറേഷൻ പുറത്തിറക്കുമ്പോൾ ‘മേഡ് ഇൻ ഇന്ത്യ’ എന്നതായിരുന്നു പ്രധാന മുദ്രാവാക്യം.
പ്രധാന ഫീച്ചറുകൾ
- ടെക്സ്റ്റ്, മീഡിയ, ഫയൽ ഷെയറിങ്, ഗ്രൂപ് ചാറ്റ് എന്നിവ സാധ്യമാണ്.
- എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള ഓഡിയോ, വിഡിയോ ചാറ്റ്.
- ഡെസ്ക്ടോപ് ആപ്, ആൻഡ്രോയ്ഡ് ടി.വി എന്നിങ്ങനെ മൾട്ടി ഡിവൈസ് ഇന്റഗ്രേഷൻ.
- ഇൻഫ്ലുവൻസർമാർക്കും ക്രിയേറ്റർമാർക്കുമായി ചാനലുകളും സ്റ്റോറികളും. ഒപ്പം ബിസിനസ് അപ്ഡേറ്റുകളും.