കോഴിക്കോട്∙ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎൽസിസിഎസ്) ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന് ഫെബ്രുവരി 13 ന് തുടക്കം കുറിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30 ന് വടകര മടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും സാംസ്ക്കാരികനായകരും സംബന്ധിക്കും. തുടർന്ന് ഉദ്ഘാടനവേദിയിലും മടപ്പള്ളി കോളജ് ഗ്രൗണ്ടിലും നൃത്ത-ഗാന-മേളങ്ങളുടെ കലാസന്ധ്യയും ഒരുക്കുന്നുണ്ട്. 2025 ഫെബ്രുവരിയിൽ അവസാനിക്കുന്ന രീതിയിലാണു പരിപാടികൾ.
കേരളത്തിനു മാത്രമല്ല ലോകത്തിനുതന്നെ ഊരാളുങ്കൽ മാതൃകയാണ്. സാമൂഹിക പരിഷ്കർത്താവ് വാഗ്ഭടാനന്ദന്റെ ആദർശം അടിസ്ഥാനമാക്കിയാണ് ഊരാളുങ്കൽ മുന്നോട്ടു പോകുന്നത്. ഒരുപാടു ത്യാഗം സഹിച്ച തലമുറ ഊരാളുങ്കലിനു പിന്നിലുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 7 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. സ്കിൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഊരാളുങ്കൽ ആലോചിക്കുന്നുണ്ട്. പ്രായോഗിക പരിശീലനം ലഭിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണു നൽകാൻ ഉദ്ദേശിക്കുന്നത്. ഊരാളുങ്കലിന്റെ പുതിയ സ്ഥാപനങ്ങൾ സോളർ ഊർജം കൊണ്ട് പ്രവർത്തിക്കുന്ന തരത്തിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
കൃഷി, ടൂറിസം രംഗങ്ങൾ ബന്ധപ്പെടുത്തി മാതൃകാ കൃഷിയിടമോ മാതൃകാ ഗ്രാമമോ വികസിപ്പിക്കൽ, ലേബർ ബാങ്കുകൾ, പൊതുജനങ്ങൾക്കായി സോളർ പദ്ധതി, എന്നിവ തുടങ്ങുന്നതിനും പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. യുഎൽസിസി ചെയർമാൻ രമേശൻ പാലേരി, വടകര മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി.ബിന്ദു, കെ.രാഘവൻ, ഷാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.