യുപിഐ തട്ടിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം, ഭാരത്പേയില്‍ ‘ഷീല്‍ഡ്’ എത്തി; എങ്ങനെ സെറ്റ് ചെയ്യാം?

news image
Dec 20, 2024, 10:20 am GMT+0000 payyolionline.in

ദില്ലി: യുപിഐ തട്ടിപ്പുകള്‍ തടയാന്‍ പുതിയ സുരക്ഷാ സംവിധാനവുമായി ഫിന്‍ടെക് കമ്പനിയായ ഭാരത്പേ ആപ്പ്. ‘ഷീല്‍ഡ് പ്രൊട്ടക്റ്റ്’ എന്ന ഫീച്ചറാണ് ഭാരത്പേ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ധിച്ചുവരുന്ന യുപിഐ തട്ടിപ്പുകളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ഫീച്ചര്‍ അനായാസം ഭാരത്പേയില്‍ എനാബിള്‍ ചെയ്യാം.

യുപിഐ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നല്‍കാന്‍ ഷീല്‍ഡ് എന്ന സംവിധാനം പുറത്തിറക്കിയിരിക്കുകയാണ് ഭാരത്‌പേ. ഡിജിറ്റല്‍ പണവിനിമയം സുരക്ഷിതമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു. എന്നാല്‍ ഷീല്‍ഡ് സൗകര്യം ഉപയോഗിക്കാന്‍ ഭാരത്‌പേയില്‍ പണം നല്‍കണം. ആദ്യ 30 ദിവസം സേവനം സൗജന്യമായിരിക്കും. ഇക്കാലയളവിന് ശേഷം മാസം തോറും 19 രൂപ നല്‍കണം. ഭാരത്‌പേയുടെ ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ആപ്പുകളില്‍ ഷീല്‍ഡ് സേവനം ലഭ്യമാണ്. ആപ്പിന്‍റെ ഹോംപേജിലുള്ള ബാനറില്‍ ക്ലിക്ക് ചെയ്‌ത് ഫീച്ചര്‍ ആക്റ്റീവാക്കാം. ആദ്യമായി ഉപയോഗിക്കുന്നവര്‍ ഒരു രൂപയെങ്കിലും മറ്റാര്‍ക്കെങ്കിലും അയച്ചാല്‍ മാത്രമേ ഫീച്ചര്‍ ആക്റ്റീവാവുകയുള്ളൂ.

ഭാരത്പേ യൂസര്‍മാര്‍ തട്ടിപ്പില്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനമുണ്ട്. വണ്‍അസിസ്റ്റുമായി സഹകരിച്ചാണ് ഭാരത്പേ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വണ്‍അസിസ്റ്റ് ആപ്പ് വഴിയോ  1800-123-3330 എന്ന ടോള്‍-ഫ്രീ നമ്പര്‍ വഴിയോ പരാതി സമര്‍പ്പിക്കാം. എന്നാല്‍ തട്ടിപ്പിന് ഇരയായി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. തട്ടിപ്പിന് വിധേയമായി എന്ന് തെളിയിക്കുന്ന യുപിഐ ട്രാന്‍സാക്ഷന്‍ സ്റ്റേറ്റ്‌മെന്‍റ് പോലുള്ള രേഖകളും ഇതിനൊപ്പം സമര്‍പ്പിക്കണം.

 

എന്താണ് ഭാരത്പേ?

ഡിജിറ്റല്‍ പേയ്മെന്‍റും ഓണ്‍ലൈന്‍ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയാണ് ഭാരത്പേ. 2018ലാണ് ഭാരത്പേ സ്ഥാപിച്ചത്. രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ സേവനങ്ങളിലൊന്നാണ് ഭാരത്പേ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe