കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണിലൂടെ ഡിജിറ്റല്‍ പേമെന്റ് നടത്താത്ത ആളുകള്‍ കുറവായിരിക്കും. അയല്‍പക്കത്തുളള പലചരക്ക് കടയിലും പച്ചക്കറി വണ്ടിയിലും ഷോപ്പിംഗ് മാളിലും ഇക്കാലത്ത് എല്ലായിടത്തും ഓണ്‍ലൈന്‍ പേമെന്റ് സൗകര്യം ലഭ്യമാണ്. എന്നാല്‍ കാര്യം എത്ര എളുപ്പമാണെന്ന് തോന്നിയാലും ചിലപ്പോള്‍ അപകടകരം തന്നെയാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. UPI പേമെന്റിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഫോണിലൂടെ UPI ഇടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
ഡിജിറ്റല്‍ പേമെന്റ് ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Google Pay, PhonePe, Ptaym തുടങ്ങി ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,
യുപിഐ അഡ്രസ് ആരുമായും പങ്കിടരുത്
നിങ്ങളുടെ യുപിഐ അഡ്രസ് ആരുമായും പങ്കിടരുത് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ UPI ഐഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനുള്ള ഒരു ഡിജിറ്റല്‍ വിലാസം പോലെ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ UPI ഐഡിയും അതുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും വ്യക്തിഗത വിവരങ്ങളാണ്. അതിനാല്‍ അവ സ്വകാര്യമായി സൂക്ഷിക്കുന്നതും സോഷ്യല്‍ മീഡിയയിലോ പൊതു പ്ലാറ്റ്ഫോമുകളിലോ പങ്കിടുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. എന്നിരുന്നാലും, ഓണ്‍ലൈന്‍ ബിസിനസ് ഇടപാടുകള്‍ പോലുള്ള ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ UPI ഐഡി പങ്കിടേണ്ടി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, സ്വകാര്യവും സുരക്ഷിതവുമായ ഒരു ചാനല്‍ വഴി വ്യാപാരിയുമായി അത് നേരിട്ട് പങ്കിടേണ്ടതാണ്.
ശക്തമായ പാസ്വേഡ് തയ്യാറാക്കുക
ആളുകള്‍ പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് വളരെ സിമ്പിളായ സ്ക്രീന്‍ ലോക്ക് / പാസ് വേഡ് പിന് സെറ്റ് ചെയ്യുന്നത്. എല്ലാ പേമെന്റ് ആപ്പുകള്‍ക്കും ശക്തമായ സ്ക്രീന്‍ ലോക് സംവിധാനം വേണ്ടതാണ്. അതൊരിക്കലും നിങ്ങളുടെ ജനന തീയതിയോ മൊബൈല്‍ നമ്പറോ എളുപ്പമുള്ള അക്കങ്ങളോ ആകരുത്. അഥവാ നിങ്ങളുടെ പിന് നമ്പര്‍ ആരെങ്കിലും മനസിലാക്കി എന്ന് തോന്നിയാല്‍ ഉടന്‍തന്നെ അത് മാറ്റി മറ്റൊരു ശക്തമായ പാസ്വേഡ് ഉണ്ടാക്കേണ്ടതാണ്.
എല്ലാ ലിങ്കുകളും തുറക്കുകയോ സ്പാം കോളുകള്‍ക്ക് അറ്റന്റ് ചെയ്യുകയോ ചെയ്യരുത്
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമായതിനാല്‍ നിങ്ങളുടെ ഫോണില്‍നിന്ന് വൃക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയുള്ള പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഫോണിലേക്ക് അജ്ഞാതമായ ലിങ്കുകള്‍ വരുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യരുത്. പിന് അല്ലെങ്കില്‍ മറ്റ് വിവരങ്ങള്‍ ആരുമായും പങ്കിടരുത്. ബാങ്കുകള്‍ പിന്, ഒടിപി എന്നിവ ആവശ്യപ്പെടില്ല. അതിനാല്‍ സന്ദേശത്തിലൂടെയോ കോളിലൂടെയോ ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാരുടെ ചതിയില്‍ അകപ്പെടാതിരിക്കുക.
ഒന്നിലധികം പേമെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഫോണില്‍ ഒന്നിലധികം പേമെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതാണ്. UPI ഇടപാടുകള്‍ അനുവദിക്കുന്ന നിരവധി ഡിജിറ്റല്‍ പേമെന്റ് ആപ്പുകള്‍ ഉണ്ട്. അതില്‍ മികച്ചത് നോക്കി ഒരെണ്ണം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ആപ്പുകള്‍ പതിവായി അപ്ഡേറ്റ് ചെയ്യുക
ആളുകള്‍ പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ മടി കാണിക്കുന്നത്. എല്ലായിപ്പോഴും പേയ്മെന്റ് ആപ്പുകള്‍ ഉള്‍പ്പടെ എല്ലാ ആപ്പുകളും അപ്ഗ്രേഡ് ചെയ്യണം. ഇത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിര്‍ത്തുകയും സുരക്ഷാ ലംഘനങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.