യുവതിയെയും കുടുംബത്തെയും മർദിച്ച കേസ്: നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ

news image
Sep 11, 2023, 3:37 am GMT+0000 payyolionline.in

കോഴിക്കോട്: കാർ യാത്രക്കാരായ യുവതിയെയും കുടുംബത്തെയും മർദിച്ച കേസിൽ നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നന്മണ്ട-കൊളത്തൂർ പാതയിൽ ശനിയാഴ്ച അർധരാത്രി അത്തോളി കോളിയോട്ട് താഴെ സാദിഖ് മൻസിൽ അഫ്ന അബ്ദുൽ നാഫി (30) യെയും കുടുംബത്തെയും നടക്കാവ് എസ്.ഐയും സംഘവും മർദിച്ചതായാണ് പരാതി. അഫ്ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ കാക്കൂർ പൊലീസ് എസ്.ഐ വിനോദിനെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിരുന്നു.

അഫ്ന മുക്കത്തെ കുടുംബവീട്ടിലെ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് കാറിൽ മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായത്രെ. കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളുമായുള്ള തർക്കത്തിനിടെ അഫ്ന പൊലീസിനെ വിളിക്കാൻ മുതിർന്നപ്പോൾ തങ്ങൾ തന്നെ പൊലീസിനെ വിളിക്കാമെന്നുപറഞ്ഞ് യുവാക്കൾ ആരെയോ ഫോണിൽ വിളിക്കുകയായിരുന്നു.

ബൈക്കിലെത്തിയ എസ്.ഐ വിനോദും മറ്റൊരാളും ചേർന്ന് യുവതിയെയും ഭർത്താവിനെയും കുട്ടിയെയും കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചെന്നാണ് പരാതി. മർദനമേറ്റ അഫ്നയെ ആദ്യം ബാലുശ്ശേരി താലൂക്കാശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഫ്നയുടെ ഭർത്താവ് മർദിച്ചതായി സംഘത്തിലെ യുവാക്കളുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe