യുവതിയെ കൊന്ന് തള്ളിയെന്ന് മൊഴി; മാന്നാറിൽ സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസിന്റെ പരിശോധന

news image
Jul 2, 2024, 11:17 am GMT+0000 payyolionline.in

മാവേലിക്കര: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്നു മറവുചെയ്തതെന്ന സൂചനയെത്തുടർന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികൾ തുടരുന്നു. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കുകളുടെ സ്ലാബ് തുറന്ന് പൊലീസ് പരിശോധന തുടങ്ങി. മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്. സ്ലാബിനുള്ളിലെ മാലിന്യം നീക്കംചെയ്ത് മൃതദേഹാവശിഷ്ടങ്ങൾ ഉള്ളിലുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന് കരുതുന്നത്. കാണാതാകുമ്പോൾ ഇവർക്ക് 27 വയസ്സായിരുന്നു.

കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് അവരുടെ ഭർത്താവിന്റെ ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടി തുടരുന്നത്. മറ്റു പ്രതികൾ മാന്നാർ പൊലീസ് കസ്റ്റഡിയിലാണ്. അനിൽ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.

 

കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇരു സമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. അനിലിന്റെ ബന്ധുക്കൾക്കു വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണു വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിർത്തിയശേഷം അനിൽ പിന്നീട് വിദേശത്ത് ജോലിക്കുപോയി.

 

എന്നാൽ കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കല വീട്ടിലേക്കു തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കുവേണമെന്ന് അനിൽ ആവശ്യപ്പെട്ടു. പിന്നീടു നാട്ടിലെത്തിയശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടെ, ബന്ധുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു വിവരം. പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.

 

മൂന്നുമാസത്തിനു മുൻപ് ഇതു സംബന്ധിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും പെട്രോളൊളിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe