ഗുരുഗ്രാം∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ, അദ്ദേഹത്തിന്റെ സഹോദരന്റെ പരിചാരക ഹേമ കൗശികിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
‘‘യുവരാജ് സിങ്ങിന്റെ സഹോദരൻ സോരാവർ സിങ്ങിന്റെ പരിചാരകയായി 2022ലാണ് ഹേമ കൗശികിനെ നിയമിച്ചത്. എന്നാൽ 20 ദിവസത്തിന് ശേഷം ‘പ്രഫഷനൽ അല്ലാത്തതിനാൽ’ ഇവരെ പുറത്താക്കി. കുടുംബത്തെ കള്ളക്കേസിൽ കുടുക്കി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹേമ കൗശിക് വാട്സാപ് സന്ദേശങ്ങൾ അയയ്ക്കുകയും 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു’’– ശബ്നം സിങ് നൽകിയ പരാതിയിൽ പറയുന്നു.
ശബ്നം സിങ്ങിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഹേമ കൗശികിനെ ഗുരുഗ്രാം പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. യുവതിയെ ചോദ്യം ചെയ്യുകയാണെന്ന് ഡിസിപി (ഈസ്റ്റ്) നിതീഷ് അഗർവാൾ പറഞ്ഞു.