ചാരുംമൂട്: വീടിനു സമീപത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നാലു പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ എരുമക്കുഴി മാവിലശ്ശേരിൽ വീട്ടിൽ അരുൺ കൃഷ്ണനെ (27) മർദ്ദിച്ച സംഭവത്തിൽ നിരണം ശംഖുവിരുത്തി വീട്ടിൽ റെനുരാജൻ (26), കടപ്ര നിരണം മുളമൂട്ടിൽ വീട്ടിൽ ആദർശ് (19), നിരണം മുതിരപ്പുഴ വീട്ടിൽ ദീപക് (19), കരുനാഗപ്പള്ളി കോട്ടൂർ തറയിൽ വീട്ടിൽ മുഹമ്മദ് സെയ്ദലി (23) എന്നിവരെയാണ് സി ഐ ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
നൂറനാട് കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് അരുൺ കൃഷ്ണനും കൂട്ടുകാരും തമ്മിൽ അടിപിടിയുണ്ടാവുകയും ഇതിന്റെ വിരോധത്താല്‍ അരുണിനെ പ്രതികൾ കഴിഞ്ഞ 19 ന് രാത്രി കാറിൽ മാരകായുധങ്ങളുമായെത്തി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പിറ്റേ ദിവസം രാത്രി 7 .30 ഓടെ നൂറനാട് ആശാൻ കലുങ്ക് ഭാഗത്ത് ഉപേക്ഷിച്ച് പോകുകയുമായിരുന്നു.
മാന്നാറിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികൾ മറ്റ് ക്രിമനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. എസ് ഐ, ടി കെ രാജീവ്, സീനിയർ സിപിഒമാരായ സിനു വർഗ്ഗീസ്,പ്രവീൺ, മുഹമ്മദ് ഷെഫീക്, ആനന്ദ ഭാസ്കർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.