ആലപ്പുഴ ∙ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അർജുനെയാണ്(20) മുത്തച്ഛന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകാതെയും മരിച്ചെന്നത് ഡോക്ടറെക്കൊണ്ട് സ്ഥിരീകരിക്കാതെയും സംസ്കാരം നടത്താനായിരുന്നു വീട്ടുകാരുടെ ശ്രമം. ഇത് പൊലീസ് തടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
സ്വന്തം വീട്ടിൽ സ്ഥല സൗകര്യം ഇല്ലാത്തതിനാൽ മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന ഈ വീട്ടിൽ ഇടയ്ക്കിടയ്ക്ക് അർജുൻ വന്ന് താമസിക്കാറുണ്ടായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് അർജുനെ കണ്ടെത്തിയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.