യു.എസിൽ നിർമിച്ചാൽ ഐഫോൺ വില മൂന്നിരട്ടിയാകും: മൂന്ന് ലക്ഷം വരെ എത്തുമെന്ന് റിപ്പോർട്ട്

news image
Apr 10, 2025, 8:56 am GMT+0000 payyolionline.in

ഉൽപാദന ജോലികൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസ് സർക്കാർ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയിരുന്നു. ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഇത് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

സി.എൻ.എൻ റിപ്പോർട്ട് പ്രകാരം ആപ്പിൾ ഐഫോണുകൾ പൂർണമായും അമേരിക്കയിൽ നിർമിച്ചാൽ, ഓരോ ഫോണിനും വില ഏകദേശം 3,500 ഡോളർ (മൂന്ന് ലക്ഷം രൂപ) ആയി ഉയരും. നിലവിൽ ഒരു ഐഫോണിന് ഏകദേശം 1,000 ഡോളർ വിലവരും. ഇത് മൂന്നിരട്ടിയിലേറെയാണ് വർധിക്കുക. യു.എസിൽ നൂതന നിർമാണ ഫാക്ടറികൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉയർന്ന ചെലവാകും വിലയിൽ പ്രതിഫലിക്കുക.

നിലവിൽ, ഭൂരിഭാഗം ഐഫോണുകളും നിർമ്മിക്കുന്നത് ചൈനയിലാണ്. അവിടെ തൊഴിലാളികൾക്കായി കുറഞ്ഞ തുക മുടക്കിയാൽ മതിയാകും. അതേസമയം ഫോണുകൾ യു.എസിൽ ഉൽപാദിപ്പിക്കണമെങ്കിൽ, പുതിയ സൗകര്യങ്ങളും വിതരണ ശൃംഖലകളും സ്ഥാപിക്കാനായി ആപ്പിളിന് കോടിക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടിവരും. വിതരണ ശൃംഖലയുടെ ചെറിയ ഭാഗം പോലും മാറ്റുന്നതിന് കുറഞ്ഞത് മൂന്ന് വർഷവും 30 ബില്യൻ ഡോളറും ചെലവാകും. അപ്പോൾ പോലും ഏകദേശം 10 ശതമാനം മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ.

ഐഫോണിന്‍റെ നിർമാണത്തിനുപയോഗിക്കുന്ന പല ഭാഗങ്ങൾ പല രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ചിപ്പുകൾ പ്രധാനമായും തായ്‌വാനിൽ നിർമിക്കുമ്പോൾ, സ്‌ക്രീനുകൾ ദക്ഷിണ കൊറിയയിൽ നിന്നാണ് വരുന്നത്. മറ്റ് ഭാഗങ്ങൾ ചൈനയിലാണ് നിർമിക്കുന്നത്. ഈ ഭാഗങ്ങളെല്ലാം കൂട്ടിച്ചേർക്കുന്നതും ചൈനീസ് ഫാക്ടറികളിലാണ്. ചൈനയെ ആശ്രയിക്കുന്നത് കുറക്കാനായി, ആപ്പിൾ ബദൽ ലക്ഷ്യസ്ഥാനങ്ങൾ തേടാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ, ബ്രസീൽ തുടങ്ങി കുറഞ്ഞ താരിഫ് ഉള്ള രാജ്യങ്ങളിൽ ആപ്പിൾ ഉൽപാദന യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സർക്കാർ പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിനുശേഷം ആപ്പിളിന്റെ ഓഹരി വില ഏകദേശം 25% ഇടിഞ്ഞു. ഉൽപാദനം യു.എസിലേക്ക് മാറ്റിയില്ലെങ്കിലും, ഐഫോൺ വില ഇനിയും ഉയർന്നേക്കാം. കാരണം, കൂടുതൽ താരിഫുകൾ ഇറക്കുമതി ചെയ്യുന്ന പാർട്‌സുകളുടെ ചെലവ് വർധിപ്പിക്കും. ആപ്പിൾ ഉപഭോക്താക്കളിൽ നിന്ന് ഇത് ഈടാക്കിയാൽ, പുതിയ മോഡലുകളുടെ വില 43 ശതമാനം വരെ കൂടിയേക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe