ന്യൂയോര്‍ക്ക്: യു.എസിൽ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കുമെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ചാൻസലർ അറിയിച്ചു. 23 കാരിയായ ജാഹ്നവി കണ്ടുലയാണ് അമിത വേഗതയിലെത്തിയ യു.എസ് പൊലീസിന്റെ കാറിടിച്ച് മരിച്ചത്.”ഞങ്ങളുടെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തെ ഈ ദുരന്തം കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ചാൻസലർ പറഞ്ഞു.
ജാഹ്നവിയുടെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന യു.എസ് പൊലീസിന്റെ ദൃശ്യം ഇന്ത്യൻ വിദ്യാര്‍ഥികളെ പിടിച്ചുലച്ച സാഹചര്യത്തില്‍ മാനസികാഘാതം അതിജീവിക്കാനായി സര്‍വകലാശാല ഹെൽപ്പ് ലൈൻ നമ്പര്‍ തുടങ്ങി. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി കാമ്പസിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുകയായിരുന്ന ജാഹ്നവി ആന്ധ്ര സ്വദേശിനിയാണ്.2021ൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് യു.എസിലെത്തിയതാണ് ജാഹ്നവി. ഈ ഡിസംബറിൽ കോഴ്സ് കഴിയാനിരിക്കെയാണ് പൊലീസിന്റെ കാറിടിച്ച് മരിച്ചത്.
ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാഹ്നവിയെ അമിത വേഗതയിലെത്തിയ യു.എസ് പൊലീസിന്റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഡാനിയൽ ഓഡറിന്റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമാണിടിച്ചത്.