യു.പി.ഐ ഇടപാടുകളില്‍ സെപ്റ്റംബര്‍ 15 മുതല്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (National Payments Corporation of India /NPCI ). ഇനി 24 മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ്, വായ്പകള്‍, യാത്ര, നിക്ഷേപങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കായി യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപയുടെ വരെ പേയ്മെന്റുകള്‍ നടത്താം.
വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് (P2P) പണം കൈമാറുന്നതിനുള്ള പരിധി പ്രതിദിനം ₹1 ലക്ഷം ആയി തുടരുന്നു. മാറ്റങ്ങള്‍ നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്
ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ഒറ്റത്തവണ പേമെന്റ് പരിധി സെപ്റ്റംബര്‍ 15 മുതല്‍ അഞ്ച് ലക്ഷമാക്കി. പ്രതിദിന പരിധി 6 ലക്ഷമാണ്. ട്രാവല്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ 5 ലക്ഷം രൂപയുടെ വരെ ഇടപാട് നടത്താം
വായ്പ, ഇം.എം.ഐ
വായ്പകള്‍, ഇ.എം.ഐ എന്നിവയ്ക്കായും ഒറ്റത്തവണ 5 ലക്ഷം രൂപ വരെ യു.പി.ഐ വഴി അടയ്ക്കാം. പ്രതിദിന പരിധി 10 ലക്ഷമാണ്
ഓഹരി, ഇന്‍ഷുറന്‍സ്
ഓഹരി വിപണി, ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കുള്ള പരിധി 2 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം വരെ ഈ വിഭാഗത്തില്‍ ഇടപാടുകള്‍ നടത്താം.
ടാക്സ്, ഡെപ്പോസിറ്റ്
സര്‍ക്കാര്‍ ഇടപാടുകള്‍, അതായത് ടാക്സ് പേമെന്റ്സ്, മണി ഡെപ്പോസിറ്റ് എന്നിവയുടെ പരിധിയും ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി.
ഡിജിറ്റല്‍ ടേം ഡെപ്പോസിറ്റുകളില്‍ ഇനി അഞ്ച് ലക്ഷം രൂപ വരെ യുപി.ഐ വഴി ഒറ്റത്തവണ നിക്ഷേപിക്കാം. നേരത്തെ ഇതിന്റെ പരിധി രണ്ട് ലക്ഷമായിരുന്നു.
ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണിംഗ്
ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണിംഗ് പരിധി രണ്ട് ലക്ഷത്തില്‍ നിലനിര്‍ത്തി.
ഫോറിന് എക്സ്ചേഞ്ച് റീറ്റെയ്ല്‍
ഭാരത് ബില്‍ പേമെന്റ് സിസ്റ്റം വഴിയുള്ള ഫോറിന് എക്സ്ചേഞ്ച് റീറ്റെയ്ല്‍ പേമെന്റ് പരിധിയും പ്രതിദിനം അഞ്ച് ലക്ഷമാക്കി. ബാങ്കുകള്‍ക്ക് സ്വതന്ത്രമായി ഇതിന്റെ പരിധി നിശ്ചയിക്കാനുമാകും.
ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐകള്‍, നിക്ഷേപങ്ങള്‍, യാത്ര, നികുതികള്‍ തുടങ്ങിയ വലിയ ബില്ലുകള്‍ ഒറ്റയടിക്ക് അടയ്ക്കാന്‍ ഇനിമുതല്‍ സാധിക്കും. വ്യാപാരികള്‍ക്ക്, തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ക്കൊപ്പം വേഗതയേറിയതും സുഗമവുമായ രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കുകയും ചെയ്യുകയാണ് എന്‍.പി.സി.ഐ ഇതുവഴി ഉദ്ദേശിക്കുന്നത്.