യൂട്യൂബ് പ്രീമിയം പ്രതിമാസം 89 രൂപക്ക്; പുതിയ ‘ലൈറ്റ് പ്ലാൻ’ അവതരിപ്പിച്ച് വിഡിയോ പ്ലാറ്റ്ഫോം

news image
Sep 30, 2025, 1:38 am GMT+0000 payyolionline.in

വിഡിയോ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ വിഡിയോകള്‍ കാണുന്ന സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് ഏറ്റവും വലിയ പരാതി പരസ്യങ്ങളുടെ അതിപ്രസരമാണ്. എന്നാല്‍ യൂട്യൂബ് പ്രീമിയം പ്ലാനുകളുടെ വരിക്കാരാണ് നിങ്ങളെങ്കില്‍ പരസ്യങ്ങളുടെ ഈ ആധിക്യം ഒഴിവാകും. യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ വിഡിയോകള്‍ പരസ്യരഹിതമായി കാണാം. മ്യൂസിക് ആന്‍ഡ് മ്യൂസിക് വിഡിയോകളും പരസ്യം പ്രദര്‍ശിപ്പിക്കില്ല. ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്‌ഗ്രൗണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നു. പ്രീമിയം സബ്സ്ക്രിപ്ഷൻ ചെലവേറിയതാണെന്ന പരാതി പരിഹരിക്കാൻ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

പ്രതിമാസം 89 രൂപ വിലവരുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ചത്. മുമ്പ് ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്കും ഈ പ്ലാന്‍ യൂട്യൂബ് കൊണ്ടുവന്നത്. പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്‌ചകളില്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകും.

യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സൃഷ്‌ടിച്ച അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് പ്രീമിയം ട്രെയല്‍ അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം സഹിതമാണ് ഈ കണക്ക്. പുതിയ പ്രീമിയം ലൈറ്റ് പ്ലാന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും പരസ്യ പങ്കാളികള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്‌ടിക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

അതേസമയം പ്രീമിയം ലൈറ്റ് പ്ലാനില്‍ മിക്ക വിഡിയോകളും പരസ്യരഹിതമായി കാണാമെങ്കിലും മ്യൂസിക് ആന്‍ഡ് മ്യൂസിക് വിഡിയോസ് ആഡ്-ഫ്രീ, ഡൗണ്‍ലോഡ്‌സ് ആന്‍ഡ് ബാക്ക്‌ഗ്രൗണ്ട്‌സ് പ്ലേ എന്നീ സൗകര്യങ്ങള്‍ ലഭിക്കില്ല. ഇതാണ് മറ്റ് യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ നിന്ന് പ്രീമിയം ലൈറ്റ് പ്ലാനിനുള്ള പ്രധാന വ്യത്യാസം. എങ്കിലും മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പുകളിലും സ്‌മാര്‍ട്ട്‌ ടി.വികളിലും പ്രീമിയം ലൈറ്റ് പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ആക്‌സസ് ലഭിക്കും.

ഇന്ത്യയില്‍ ഏറ്റവും നിരക്ക് കുറഞ്ഞ യൂട്യൂബ് പ്രീമിയം പ്ലാനിന് മാസം തോറും 149 രൂപയാണ് നാളിതുവരെ ഉപയോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്. ഈ പാക്കേജിലും മിക്ക വീഡിയോകളും ആഡ്-ഫ്രീ ആയിരുന്നെങ്കിലും മ്യൂസിക് കണ്ടന്‍റുകളിലും യൂട്യൂബ് ഷോര്‍ട്‌സിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. കണ്ടന്‍റുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോഴും പരസ്യങ്ങള്‍ തടസപ്പെടുത്തുമായിരുന്നു. എന്നാല്‍ പ്രീമിയം ലൈറ്റ് പ്ലാന്‍ വന്നതോടെ 89 രൂപക്ക്, മുമ്പ് 149 രൂപ നല്‍കി നേടിയിരുന്ന മിക്ക സൗകര്യങ്ങളും യൂട്യൂബില്‍ നേടാനാകും. എന്നാല്‍ സമ്പൂര്‍ണമായി പരസ്യരഹിതവും, ഓണ്‍ലൈന്‍ ഡൗണ്‍ലോഡും, ബാക്ക്‌ഗ്രൗണ്ട് പ്ലേബാക്കും പോലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് യൂട്യൂബ് അധികൃതര്‍ ഇപ്പോഴും സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തന്നെയാണ് നിര്‍ദേശിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe