യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; സ്റ്റേ തുടരും

news image
Aug 5, 2023, 11:12 am GMT+0000 payyolionline.in

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്മേലുള്ള സ്റ്റേ തുടരും. സംഘടനയുടെ ഭരണഘടന ഉൾപ്പെടെയുള്ള രേഖകൾ എതിർകക്ഷികൾ ഹാജരാക്കാതിരുന്നതിനാൽ സ്റ്റേ തുടരാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.

യൂത്ത് കോൺ​ഗ്രസ് കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ് വടേരിയുടെ പരാതിയെ തുടർന്നാണ് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നായിരുന്നു ഷഹബാസ് വടേരിയുടെ പരാതി. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നിർത്തിവെച്ച തിരഞ്ഞെടുപ്പ് നടപടികൾ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് കോടതി വിധി വന്നത്. മണ്ഡലം ജില്ല സംസ്ഥാനം എന്നിങ്ങനെ ഘട്ടം ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. അതുകൊണ്ട് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കൃത്യമായ വോട്ടര്‍ പട്ടിക ഇല്ലാതെയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ആർക്കു വേണമെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നുമായിരുന്നു ഷഹബാസിന്റെ പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe