കോഴിക്കോട്: കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതലാണ് പൊതുജനങ്ങൾക്കായി തുറക്കുക. ആദ്യദിനത്തിൽ വമ്പൻ ഓഫറുകൾ ഉണ്ടായിരിക്കുമെന്നാണ് മാൾ അധികൃതർ നൽകുന്ന സൂചന. മൂന്നര ലക്ഷം സ്ക്വയർ അടിയിൽ മൂന്ന് നിലകളിലായിട്ടാണ് വമ്പൻ മാൾ ഒരുങ്ങുന്നത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ ലുലുവിന്റെ പ്രധാന മാളുകൾക്ക് ശേഷമാണ് കോഴിക്കോട് തുറന്നത്. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷോപ്പിങ്ങിനായി മാള്‍ തുറക്കും.
ഉദ്ഘാടനത്തോട്അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയായിരിക്കും മുഖ്യ ആകർഷണം. ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും സജ്ജമാണ്. മുന്‍നിര ബ്രാന്‍ഡഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ മുതല്‍ മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം, പച്ചക്കറി, പാല്‍ എന്നിവയും ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.
500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ വിഭവങ്ങൾ ലഭ്യമാകും. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേർക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്.