കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ആശുപത്രിയിൽ ചികിത്സ തേടി. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് ചികിത്സ തേടിയത്. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അരമണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നെന്നും സമീപം പൊലീസുകാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. നിലവിൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും മറ്റ് നടപടികൾ എടുത്തിട്ടില്ല.
പാർട്ടിയും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്നത്തെ വിധിയെ അനുസരിച്ചായിരിക്കും ദിവ്യക്കെതിരെയുള്ള പാർട്ടി നടപടിയെന്നാണ് കരുതപ്പെടുന്നത്.