രക്ഷപ്പെട്ട ശേഷം ഫോണുകൾ മാറി മാറി ഉപയോഗിച്ചു, കൊലക്ക് കാരണം ഒറ്റപ്പാലം പൊലീസിൽ നൽകിയ കേസ് ഒത്തുതീർക്കാത്തത്

news image
Nov 30, 2024, 9:29 am GMT+0000 payyolionline.in

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് നൽകിയ മൊഴി. മരിച്ച ഫസീലയോട് പ്രതി അബ്ദുൾ സൂഫിന് മുൻ വൈരാഗ്യമുണ്ട്. ഒറ്റപ്പാലം പൊലീസിൽ ഫസീല നേരത്തെ നൽകിയ പീഡന പരാതി പിൻവലിക്കണമെന്ന് അബ്ദുൾ സനൂഫ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ വഴങ്ങിയില്ല. ഇത് പ്രതികാരമായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ അബ്ദുൾ സനൂഫ് ജയിൽ കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ 24 ന് ഫസീലയുമായി ലോഡ്ജിൽ മുറിയെടുത്തു. 25 ന് രാത്രി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.

ചെന്നൈയിൽ നിന്നും പിടിയിലായ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ട ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് നീണ്ട അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി നേരത്തെ ബസ് ഡ്രൈവറായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ഫോൺ  നമ്പർ മാറി മാറി ഉപയോഗിച്ചിരുന്നതായാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe