നടന്മാരായ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് ബോംബ് ഭീഷണി. വീടുകളിൽ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്നാട് ഡി ജി പിയുടെ ഓഫീസിൽ ഇ- മെയില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന്, പൊലീസും ബോംബ് സ്ക്വാഡും ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തി.
കോൺഗ്രസ് നേതാവ് കെ സേവല്‍പെരുന്തഗൈയുടെ വീടും ഭീഷണി സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. എല്ലായിടങ്ങളിലും സുരക്ഷാ പരിശോധനകള്‍ നടത്തി. അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഇത് വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു.
സ്ഫോടകവസ്തു സ്ഥാപിക്കാന്‍ അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്നും അത് വ്യാജമായിരിക്കാമെന്നും രജനികാന്തിന്റെ സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ബോംബ് സ്ക്വാഡുമായി സഹകരിച്ചാണ് ചെന്നൈ സിറ്റി പൊലീസ് പരിശോധന നടത്തിയത്. സമീപകാലത്ത് ഇത്തരം വ്യാജ ഭീഷണി പരമ്പര തന്നെ വന്നിട്ടുണ്ട്. അടുത്തിടെ നിരവധി തമിഴ് സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കും സമാനമായ ഭീഷണികള്‍ ഉണ്ടായിരുന്നു. ഈ മാസമാദ്യം തൃഷ, എസ് വി ശേഖര്‍ എന്നിവരുള്‍പ്പെടെയുള്ളവർക്ക് ഭീഷണിയുണ്ടായിരുന്നു. എല്ലാം വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു.
