രഞ്ജിത്ത് വധക്കേസിൽ ചരിത്ര വിധി, എങ്ങുമെത്താതെ ഷാന്‍ വധക്കേസ്; നീതി വേണമെന്ന് കൊല്ലപ്പെട്ട ഷാനിന്‍റെ കുടുംബം

news image
Jan 31, 2024, 4:53 am GMT+0000 payyolionline.in

ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ചരിത്രം സൃഷ്ടിച്ച വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെ എന്ന് ചോദിക്കുകയാണ് തൊട്ടു തലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്‍റെ കുടുംബം. കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്‍റെ മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഷാനിന്‍റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.

 

 

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രൺജീത് ശ്രീനിവാസിന്റെ കൊലപാതകം. ചേര്‍ത്തലയിൽ ആര്‍ എസ് എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി 2021 ഡിസംബര്‍ 18 ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയും വധിക്കുന്നു. മണിക്കൂറൂകള്‍ക്കം ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെയും കൊലപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇത്. എന്നാലിതിൽ രണ്‍ജിത് ശ്രീനിവാസന്‍റെ വിചാരണ പൂ‍ർത്തിയായി. പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. 2022 മാർച്ച് 16നാണ് ഷാന്‍ കൊലക്കേസില്‍ കുറ്റപത്രം നല്‍കിയത്. അതായത് കൊല നടന്ന 82-ാം ദിവസം തന്നെ കുറ്റപത്രം നൽകി. എന്നിട്ടും വിചാരണ വൈകുകയായിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടാത്തതായിരുന്നു കാരണം.

മണ്ണഞ്ചേരി പൊന്നാടിന് സമീപം രാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവേയാണ് ഷാനിനെ ആക്രമിക്കുന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ശരീരത്തിലേറ്റത് 40 മുറിവുകളായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസം രണ്ടിന് ആലപ്പുഴ അഡീഷണല്‍ സെഷൻസി കോടതി ആദ്യമായി കേസ് പരിഗണിക്കും. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതോടെ വിചാരണ നടപടികൾക്ക് തുടക്കമാകും. 143 സാക്ഷികളാണ് കേസിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe