രഞ്ജി ട്രോഫിയിൽ റണ്ണറപ്പുകളായ കേരള ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

news image
Mar 4, 2025, 3:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസയേഷന്‍(കെസിഎ). കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകുമെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും പറഞ്ഞു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അം​ഗങ്ങൾക്കും ടീം മാനേജ്മെന്‍റിനുമായി നൽകുമെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

നാഗ്പൂരില്‍ നിന്ന് കെസിഎ ഏര്‍പ്പെടുത്തി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ തിരുവനന്തപുരത്തെത്തിയ കേരളം ടീം അംഗങ്ങൾക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കെസിഎ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് താരങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് കെസിഎ ആസ്ഥാനത്തും താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.

രഞ്ജി ട്രോഫി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു വിദര്‍ഭ മൂന്നാം കിരീടം നേടിയത്. തോല്‍വിയറിയാതെയാണ് ഇരു ടീമും ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഒരു റണ്‍സിന്‍റെയും സെമിയില്‍ രണ്ട് റണ്‍സിന്‍റെയും നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു കേരളം ഫൈനലിലെത്തിയത്. ചാമ്പ്യൻമാരായിരുന്ന മുംബൈയെ സെമിയില്‍ തകര്‍ത്തായിരുന്നു വിദര്‍ഭ ഫൈനലിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe