കൽപ്പറ്റ: ഏറ്റവും പ്രായംകുറഞ്ഞ ലോക്സഭാ മണ്ഡലമാണെങ്കിലും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന വിശേഷണം സ്വന്തമാക്കിയ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി രണ്ടര ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. നിലവിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും 2019 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി നേടിയതിനേക്കാൾ വോട്ട് ഉയർത്താൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.
അവസാനഘട്ട വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ തുഷാർ വെള്ളാപ്പള്ളിയേക്കാൾ നാൽപതിനായിരം വോട്ടുകളുടെ അടുത്ത് അധികമായി ഇതിനോടകം കെ സുരേന്ദ്രൻ നേടിയിട്ടുണ്ട്. അതേസമയം 2019ലെ സിപിഐ സ്ഥാനാർത്ഥിയുടെ വോട്ടിനേക്കാൾ പിന്നിലാണ് സിപിഐ ദേശീയ നേതാവ് കൂടിയായ ആനീ രാജയുടെ വോട്ട് നേട്ടം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ മണ്ഡലം കൂടിയാണ് വയനാട്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വയനാട് പ്രവേശിക്കുന്നത് 2009ൽ മാത്രമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിവയാണവ. കോൺഗ്രസും സിപിഐയുമാണ് മണ്ഡലത്തിലെ പ്രധാന പാർട്ടികൾ.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 431,770 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. 706,367 വോട്ടുകളോടെ 65.00% വോട്ട് ഷെയറായിരുന്നു രാഹുലിന് ലഭിച്ചത്. 274,597 വോട്ടുകൾ നേടിയ സിപിഐയിലെ പിപി സുനീറിനെയാണ് രാഹുൽ പരാജയപ്പെടുത്തിയത്.