തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കീഴിൽ അനെർട്ട് നടപ്പാക്കുന്ന പിഎം കുസും പദ്ധതിവഴി സൗരോർജവൽക്കരണം നടത്തി 2000 കർഷകർ. പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും. കൃഷിയിടങ്ങളിലെ ആവശ്യത്തിനായി എടുത്ത 9348 മോട്ടോർ പമ്പുകളിൽ സൗരോർജം ഉപയോഗിക്കാൻ കേന്ദ്രാനുമതിയായി. രണ്ടായിരം എണ്ണം ഇതിനകം പൂർത്തിയായി. കൃഷിയാവശ്യത്തിന് ഉപയോഗിച്ച് ബാക്കിവരുന്ന വൈദ്യുതി കെഎസ്‌ഇബി ഗ്രിഡിലൂടെ വിൽക്കാമെന്നതിനാൽ കർഷകർക്ക് അധികവരുമാനവുമാകും.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം കുസുമിൽ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് 30 ശതമാനവും ഗുണഭോക്താവ് 40 ശതമാനവും എന്ന അനുപാതത്തിലാണ് പങ്കിടുക. ഗുണഭോക്താക്കളുടെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം നബാർഡ് വായ്പയായാണ് കണ്ടെത്തുന്നത്. ഏഴു വർഷംകൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി. നിലവിലുള്ള പമ്പുകളുടെ 80 ശതമാനവും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ആയതിനാൽ ഇവിടങ്ങളിലാണ് ഇപ്പോൾ നടപ്പാക്കുന്നത്.
തൃശൂർ, -പൊന്നാനി കോൾ പാടങ്ങളിലെ വലിയശേഷിയുള്ള പമ്പുകളുടെ സൗരോർജവൽക്കരണവും നടക്കുന്നു. അടുത്തഘട്ടം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മൂന്ന് എച്ച്പി പമ്പ് സൗരോർജവൽക്കരിക്കാൻ അഞ്ചു കിലോവാട്ട് സൗരോർജപ്ലാന്റ് സ്ഥാപിച്ചാൽ വർഷം 10,000––- 15,000 രൂപവരെയും കോൾ പാടങ്ങളിലെ (സമുദ്ര നിരപ്പിൽനിന്ന് താഴ്ന്നു കിടക്കുന്ന വയൽ) 30 എച്ച്പി പമ്പ് സൗരോർജവൽക്കരിക്കാൻ 50 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ വർഷം 1.10ലക്ഷം രൂപവരെയും മിച്ച വൈദ്യുതിവിറ്റ് അധികവരുമാനം നേടാം. കാർഷിക ഊർജ സബ്സിഡി തുക ലാഭിക്കാനുമാകും. ഒരു ലക്ഷം പമ്പുകളുടെ സൗരോർജവൽക്കരണമാണ് അനെർട്ട് ലക്ഷ്യം. 570 ദശലക്ഷം യൂണിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കാനാകും.
കേരള മാതൃകയെ തകർക്കാൻ ശ്രമം
സംസ്ഥാനത്തിന്റെയും കർഷകരുടെയും വിഹിതം പൂർണമായും സബ്സിഡി നൽകി പദ്ധതി നടപ്പാക്കുന്ന കേരള മാതൃകയെ തകർക്കാൻ ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് അനെർട്ട്. പദ്ധതിച്ചെലവിന് നിയന്ത്രണമില്ല. ടെൻഡറിലൂടെ കണ്ടെത്തുന്ന ചെലവിന്റെ 30 ശതമാനം വരെ (എൻഇആർ/മലയോര മേഖലയിൽ 50ശതമാനം വരെ) സബ്‌സിഡി ലഭിക്കും.